തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉന്നത ഐ.ടി പഠന ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (ഐ.ഐ.ഐ.ടി.എം.കെ) പള്ളിപ്പുറം ടെക്നോസിറ്റിയിലെ ആഗോള നിലവാരത്തിലുള്ള കാമ്പസിലേക്ക് മാറുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ലോകോത്തര അത്യാധുനിക സൗകര്യങ്ങളുൾപ്പെടുന്ന കാമ്പസിന്റെ ആദ്യഘട്ടമാണ് പൂർത്തിയായിട്ടുള്ളത്.
സ്കൂൾ ഒഫ് കമ്പ്യൂട്ടിംഗ്, സ്കൂൾ ഒഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ആട്ടോമേഷൻ, സ്കൂൾ ഒഫ് ഇൻഫർമാറ്റിക്സ്, സ്കൂൾ ഒഫ് ബയോ സയൻസസ്, സ്കൂൾ ഒഫ് ഹ്യുമാനിറ്റീസ് ആൻഡ് ഡിജിറ്റൽ ലിബറൽ ആർട്സ് എന്നീ അഞ്ച് സ്വതന്ത്ര സ്കൂളുകൾ രൂപീകരിക്കുന്നതിനും ഐ.ഐ.ഐ.ടി.എം.കെ പദ്ധതിയിടുന്നുണ്ട്.
ആഡിറ്റോറിയം, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, സ്റ്റുഡന്റ് ഹോസ്റ്റൽ, ലൈബ്രറി, ലബോറട്ടറി ബ്ലോക്ക്, ഡയറക്ടർക്കും അദ്ധ്യാപകർക്കും താമസ സൗകര്യം, കമ്മ്യൂണിറ്റി സെന്റർ എന്നിവയുൾപ്പെടെയുള്ള ബൃഹത്തായ അടിസ്ഥാന സൗകര്യങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള അന്തരീക്ഷവും ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക മേഖലകളെ കൈപ്പിടിയിലൊതുക്കാവുന്ന അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ സജ്ജമാക്കുന്നത്.
ടെക്നോപാർക്കിന്റെ ബിൽഡിംഗ് മാന്വൽ അനുശാസിക്കുന്ന ക്രമത്തിൽ ദേശീയ ഹരിത നിർമാണ ചട്ടങ്ങളനുസരിച്ച് 'സിൽവർ റേറ്റിംഗ്' പ്രകാരം ഗ്രീൻ കാമ്പസ് മാതൃകയിലാണ് അഞ്ചു ലക്ഷത്തിലേറെ ചതുരശ്രയടി നിർമ്മാണ സ്ഥലം രൂപകല്പന ചെയ്തിരിക്കുന്നത്.
മികവിന്റെ കേന്ദ്രം.
ശാസ്ത്ര, സാങ്കേതിക മേഖലയിലെ മുൻനിര മികവിന്റെ കേന്ദ്രമാണ് ടെക്നോപാർക്കിൽ 2000ൽ സ്ഥാപിതമായ ഐ.ഐ.ഐ.ടി.എം.കെ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അംഗീകാരത്തോടെ സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിംഗ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്, ഡാറ്റ അനലറ്റിക്സ് ആൻഡ് ജിയോ സ്പെഷ്യൽ അനലറ്റിക്സ് എന്നിവയിൽ എം.എസ്സി പ്രോഗ്രാമുകളാണ് നിലവിൽ ഐ.ഐ.ഐ.ടി.എം.കെ നൽകുന്നത്. ഡോക്ടറൽ പോഗ്രാമുകളെക്കൂടാതെ കമ്പ്യൂട്ടർ സയൻസിലും ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സിലും എം.ഫിൽ പ്രോഗ്രാമുകളും നടത്തുന്നുണ്ട്.
ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗ്, സോഫ്റ്റ് വെയർ എൻജിനിയറിംഗ് മേഖലകളിലും വികസിത കമ്പ്യൂട്ടിംഗ് മേഖലകളായ കമ്പ്യൂട്ടിംഗ് പെർഫോമൻസ്, ഗ്രിഡ് ആൻഡ് ക്ലൗഡ് കമ്പ്യൂട്ടിംഗ്, സെക്യൂരിറ്റി, കമ്പ്യൂട്ടർ നെറ്റ്വർക്ക്സ് എന്നീ ഐ.ടി അനുബന്ധ മേഖലകളിലുമാണ് പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്.