തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നഗരത്തിലെ സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പ് കർശനമാക്കി. ഇതുവരെ 322 ബസുകളാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്. ഇതിൽ 77 ബസുകൾക്ക് പല കാരണങ്ങളാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയില്ല. മോശം ടയറുകൾ, ജി.പി.എസ്- സ്പീഡ് ഗവർണർ ഘടിപ്പിക്കാതിരിക്കൽ എന്നിങ്ങനെയുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. ജൂൺ ഒന്നിന് മുമ്പ് ഈ വാഹനങ്ങൾ അപാകതകൾ പരിഹരിച്ച് ഹാജരാക്കാൻ നിർദ്ദേശിച്ച് കൊണ്ട് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. വാഹനത്തിന്റെ നിലവാരം, രേഖകൾ, ഡ്രൈവറുടെ ലൈസൻസ്, എമർജൻസി വാതിലുകൾ, അഗ്നിശമന സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ് തുടങ്ങിയവയടക്കമുള്ള കാര്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കുന്ന ബസുകളിൽ മോട്ടോർ വാഹനവകുപ്പ് ഹോളോഗ്രാം സ്റ്റിക്കർ പതിക്കും. സ്കൂൾ തുറന്ന ശേഷവും പരിശോധന തുടരും. നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ ഈ അദ്ധ്യയനവർഷം പിന്നീട് ബസ് ഓടാൻ അനുവദിക്കില്ല. ബസുകളിൽ ഡ്രൈവർക്ക് ഒരു സഹായിയും ഉണ്ടായിരിക്കണം.
അവസാനഘട്ട പരിശോധന 29ന്
തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസാനഘട്ട ക്ഷമതാ പരിശോധന 29ന് രാവിലെ ഏഴ് മുതൽ കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഇതുവരെ പരിശോധനയ്ക്ക് ഹാജരാകാത്ത സ്കൂൾ/ കോളേജ് വാഹനങ്ങൾ പരിശോധനയ്ക്കായി എത്തണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഒന്നാം തീയതി രാവിലെ 10.30ന് തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കായി ബോധവത്കരണ ക്ളാസ് നൽകും.
സ്കൂൾ ബസുകളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതോടൊപ്പം മോട്ടർ വാഹന വകുപ്പ് നിയന്ത്രണം ഉള്ള സുരക്ഷ മിത്ര സോഫ്ട്വെയർ സ്ഥാപിക്കും. ഓരോ ബസിന്റെയും ഓട്ടം കൺട്രോൾ റൂമിൽ നിന്നും അറിയാൻ കഴിയുന്ന സംവിധാനമാണ് സുരക്ഷ മിത്ര. ബസ് 30 ഡിഗ്രിയിലേറെ ചരിഞ്ഞാൽ അപായ സൂചന കൺട്രോൾ റൂമിൽ ലഭിക്കും. ഇതിലൂടെ രക്ഷാപ്രവർത്തനം വേഗം യാഥാർത്ഥ്യമാകും.
സ്കൂൾ തുറന്ന് 10 ദിവസത്തിനുള്ളിൽ സ്കൂൾ ബസുകളിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പേരും മേൽവിലാസവും ഫോൺ നമ്പരും സഹിതം ആർ.ടി ഓഫീസിൽ നൽകണം.