തിരുവനന്തപുരം: പതിനഞ്ച് ദിവസത്തോളമായി ശ്രീകാര്യം - പൗഡിക്കോണം റോഡിലെ ചെല്ലമംഗലം ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയിട്ടും തിരിഞ്ഞ് നോക്കാതെ വാട്ടർ അതോറിട്ടി അധികൃതർ. പൊട്ടലിൽ വെള്ളം മുകളിലേക്ക് ശക്തമായി ഉയർന്നതോടെ റോഡും തകർന്നു. മദ്ധ്യഭാഗം കുഴിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതവും കഷ്ടത്തിലായിട്ടുണ്ട്. ഇതിനെത്തുടർന്ന് ടെക്നോപാർക്ക്, കുളത്തൂർ, കാര്യവട്ടം, ചെമ്പഴന്തി, എൽ.എൻ.സി.പി.ഇ, കേരളാദിത്യപുരം, ഞാണ്ടൂർക്കോണം, ചെമ്പഴന്തി, ചെല്ലമംഗലം, കാട്ടായിക്കോണം, ശ്രീകാര്യം, എൻജിനിയറിംഗ് കോളേജ് തുടങ്ങി പലയിടങ്ങളിലും വെള്ളം മുടങ്ങുന്നുണ്ട്. കൊച്ചുള്ളൂർ പമ്പ് ഹൗസിന്റെ പരിധിയിലാണ് ചെല്ലമംഗലം സെക്ഷൻ. വാട്ടർ അതോറിട്ടി അധികൃതരെ നിരവധി തവണ വിവരം അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.എന്നാൽ ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഉടൻ പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു.