സുകുമാരക്കുറുപ്പ്, ഓട്ടോ ശങ്കർ, റിപ്പർ ചന്ദ്രൻ... കൊടും ക്രൂരതയുടെ പര്യായമായ മൂന്ന് ക്രിമിനലുകൾ. ഇവരുടെ കഥ മലയാളത്തിൽ സിനിമകളും തമിഴിൽ വെബ് സീരീസുമാകാനൊരുങ്ങുകയാണ്.
ഫിലിം റെപ്രസെന്റേറ്റീവായിരുന്ന ചാക്കോയെ കൊലപ്പെടുത്തി ഇൻഷ്വറൻസ് തട്ടിപ്പിന് ശ്രമിച്ച 'മോസ്റ്റ് വാണ്ടഡ്" ക്രിമിനലായ സുകുമാരക്കുറുപ്പിന്റെ കഥ സെക്കൻഡ് ഷോയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ കുറുപ്പ് എന്ന പേരിൽ സിനിമയാക്കാനൊരുങ്ങുകയാണ് . ചിത്രത്തിന്റെ പ്രീ ഷൂട്ടിംഗ് ജോലികൾ ആരംഭിച്ച് കഴിഞ്ഞു. ആഗസ്റ്റിലാണ് ഷൂട്ടിംഗ് തുടങ്ങുക.
ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ നായകനായ ദുൽഖർ സൽമാനാണ് കുറുപ്പിലും നായക വേഷമവതരിപ്പിക്കുന്നത്.
കെ.എസ്. അരവിന്ദ്, ഡാനിയേൽ സൂരജ് എന്നിവർ ചേർന്ന് രചന നിർവഹിക്കുന്ന ചിത്രം ദുൽഖർ തന്നെയായിരിക്കും നിർമ്മിക്കുകയെന്നും സ്ഥിരീകരിക്കാനാകാത്ത റിപ്പോർട്ടുകളുണ്ട്.
ഇരുട്ടിന്റെ മറവിൽ നിരവധിയാളുകളെ തലയ്ക്കടിച്ചുകൊന്ന റിപ്പർ ചന്ദ്രന്റെ കഥ നവാഗതനായ സന്തോഷ് പുതുക്കുന്നാണ് സിനിമയാക്കുന്നത്. മണികണ്ഠൻ ആചാരിയാണ് റിപ്പർ ചന്ദ്രന്റെ വേഷം അവതരിപ്പിക്കുന്നത്.
വടക്കൻ കേരളത്തിലുംകർണാടകത്തിലുമായി പതിനാല് പേരെയാണ് കൊടും കുറ്റവാളിയായ റിപ്പർ ചന്ദ്രൻ തലയ്ക്കടിച്ച് കൊന്നത്.
റിപ്പർ ചന്ദ്രന്റെ ജീവിതത്തിൽ നിന്ന് കടം കൊണ്ട് രഞ്ജിരാജ് കരിന്തളം എഴുതിയ കഥയ്ക്ക് കെ. സജിമേനോനാണ് തിരക്കഥയും സംഭാഷണവുമെഴുതുന്നത്.
എൺപതുകളിൽ മദ്രാസ ് നഗരത്തെ വിറപ്പിച്ച ഗുണ്ടാത്തലവനായ ഓട്ടോ ശങ്കറിന്റെ കഥ തമിഴിൽ വെബ് സീരീസായാണ് ഒരുങ്ങുന്നത്.
മുപ്പത് മിനിട്ട് വീതം ദൈർഘ്യമുള്ള പത്ത് എപ്പിസോഡുകളായി ഒരുക്കുന്ന ഈ വെബ് സീരീസിന്റെ സംവിധായകൻ രങ്കയാണ്. അപ്പാനി ശരത്താണ് ഓട്ടോ ശങ്കറിന്റെ വേഷമവതരിപ്പിക്കുന്നത്.
നെറ്റ് ഫ്ളിക്സിലാണ് ഓട്ടോ ശങ്കറിന്റെ വാഴ്ചയും വീഴ്ചയും പറയുന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നത്.