പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയിൽ തമിഴ് നടൻ പ്രസന്ന പ്രധാന വേഷത്തിൽ എത്തുന്നു.പൃഥ്വിരാജും പ്രസന്നയും ചേർന്നുള്ള കോമ്പിനേഷൻ സീനുകൾ കഴിഞ്ഞ ദിവസം മലയാറ്റൂരിൽ ചിത്രീകരിച്ചു.പത്തു ദിവസത്തെ ഷൂട്ടിംഗ് പ്രസന്നയ്ക്ക് ഉണ്ടായിരുന്നു. പ്രതിനായക വേഷത്തിലാണ് പ്രസന്ന എത്തുന്നതെന്നാണ് റിപ്പോർട്ട്.എന്നാൽ അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രസന്ന മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള സിനിമയാണിത്.
പ്രമുഖ നടി സ്നേഹയുടെ ഭർത്താവാണ് പ്രസന്ന .തെലുങ്കിൽ നിരവധി സിനിമകളിൽ പ്രസന്ന നായകനായി അഭിനയിച്ചിട്ടുണ്ട്. ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗ് അടുത്താഴ്ച പൂർത്തിയാവും.മലയാറ്റൂരിനു പുറമേ എറണാകുളവും വാഗമണ്ണുമാണ് ലൊക്കേഷൻ. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ബ്രദേഴ്സ് ഡേ നിർമ്മിക്കുന്നത്. െഎശ്വര്യ ലക്ഷ്മി, മിയ ജോർജ് , മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായി അഭിനയിക്കുന്ന സിനിമ ഒാണം റിലീസായാണ് പ്ളാൻ ചെയ്യുന്നത്.ലാൽ, വിജയരാഘവൻ, ധർമ്മജൻ ബോർഗാട്ടി, അശോകൻ,പൊന്നമ്മ ബാബു എന്നിവരാണ് മറ്റു താരങ്ങൾ.