യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ജയേഷ് ഭായി ജോർദ്ദാർ എന്ന ഹിന്ദി ചിത്രത്തിൽ രൺവീർ സിംഗ് ഗുജറാത്തിയാകുന്നു. . നവാഗതനായ ദിവ്യയാങ് തക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി എന്റർടെയ്നർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണം ഒക്ടോബറിൽ ഗുജറാത്തിൽ ആരംഭിക്കും. 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോക കപ്പ് വിജയത്തെ ആസ്പദമാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ രൺവീർ സിംഗ്.
ചിത്രത്തിൽ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ എത്തുന്നത്. ഇന്ത്യയുടെ മുൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ കെ. ശ്രീകാന്തിന്റെ റോളിലെത്തുന്നത് ജീവയാണ്. ശ്രീകാന്തിനെ അവതരിപ്പിക്കാൻ ജീവ ഏഴ് കിലോയോളം ഭാരംകുറച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ടീമിന്റെ കോച്ചിന്റെ വേഷത്തിൽ നവാസുദ്ദിൻ സിദ്ധിഖിയാകും എത്തുക.
ചിരാഗ് പാട്ടിൽ, ഹാർദി സന്ധു, ആമി വിർക്ക്, സാക്യൂബ് സലീം, പങ്കജ് ത്രിപാഠി, സർതാജ് സിംഗ്, താഹിർ രാജ് ബാസിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിമാചൽപ്രദേശിലെ ധർമ്മശാലയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കപിൽ ദേവിന്റെ ശിക്ഷണത്തിൽ രൺവീർ ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നു.ഇന്ത്യയിലും ലണ്ടനിലും സ്കോട്ട്ലാൻഡിലുമായിരിക്കും ചിത്രീകരണം.അടുത്ത വർഷം എപ്രിൽ 10നാണ് സിനിമ പുറത്തിറങ്ങുന്നത്.