ന്യൂഡൽഹി: വിമാനത്തിലെ ജീവനക്കാരിക്ക് നേരെ മലയാളിയുടെ ലൈംഗിക അതിക്രമം. സംഭവത്തിൽ കോട്ടയം സ്വദേശിയായ അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ അറസ്റ്റിൽ. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇയാൾ വിമാനത്തിലെ ജീവനക്കാരിക്ക് നേരെ പാന്റിന്റെ സിബ് അഴിച്ച് കാണിക്കുകയായിരുന്നു. സിഗരറ്റ് കത്തിക്കുന്നത് തടഞ്ഞ യുവതിയെ ആദ്യം 24കാരനായ യുവാവ് ചീത്തവിളിച്ചുവെന്ന് ഡൽഹി എയർപോർട്ട് ആധികൃതർ പറയുന്നു. സൗദി എയർലൈൻസ് വിമാനത്തിലാണ് സംഭവം.
യുവതി ക്യാബിൻ ജീവനക്കാരായ സഹപ്രവർത്തകരെ വിളിച്ചപ്പോഴാണ് ഇയാൾ പാന്റിന്റെ സിബഴിച്ച് അശ്ലീലം കാണിച്ചതെന്ന് റിപ്പോർട്ടുണ്ട്. വിമാനം ഡൽഹിയിലെത്തിയതിന് ശേഷം ക്രൂ അംഗങ്ങൾ എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് സി.ഐ.എസ്.എഫിനെയും വിവരമറിയിച്ചു. ഇവർ പ്രതിയെ പിടികൂടി ഡൽഹി പൊലീസിന് കൈമാറി. ഐ.പി.സി സെക്ഷൻ 354(ലൈംഗികാതിക്രമം), 509(വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ സ്ത്രീയെ അപമാനിക്കുക) എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.