k-surendran-pillai

ആലപ്പുഴ: വിജയിച്ചു കയറാമെന്ന പ്രതീക്ഷ വാനോളമുയർന്നിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താൻ ചേർന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം ആലപ്പുഴയിൽ പുരോഗമിക്കുന്നു. ശബരിമല യുവതി പ്രവേശനവും, അതുമായുണ്ടായ വിവാദങ്ങളും പാർട്ടിയ്‌ക്ക് ഏറ്റവുമധികം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉറച്ച സീറ്റായി കരുതിയിരുന്ന തിരുവനന്തപുരവും കൈവിട്ടതോടെ നേതൃമാറ്റത്തിനുള്ള മുറവിളി യോഗത്തിൽ മുഴങ്ങി കേൾക്കുമെന്ന് നിസംശയം പറയാം. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻ പിള്ളയെ മാറ്റണമെന്ന ആവശ്യം ബി.ജെ.പിയ്‌ക്കുള്ളിൽ ഇതിനോടകം ഉയർന്നു കഴിഞ്ഞു.

സ്ഥാനാർത്ഥി നിർണയവേളയിൽ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ സീറ്റിനായി ഓടിയത് പ്രതികൂലമായി ബാധിച്ചുവെന്നാണ് പാർട്ടിയിലെ പ്രധാനവിമർശനം. തിരുവനന്തപുരത്ത് ബി.ജെ.പി- ആർ.എസ്.എസ് ശക്തി കേന്ദ്രമായ വട്ടിയൂർക്കാവിൽ പോലും ഫലം വന്നപ്പോൾ പിന്നിലായി. ഒരു ലക്ഷത്തിലധികം വോട്ടിനാണ് കുമ്മനം പരാജയപ്പെട്ടത്. പത്തനംതിട്ടയിൽ മൂന്നുലക്ഷത്തിനടുത്ത് വോട്ടുപിടിച്ചെങ്കിലും മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തൃശൂരിൽ സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് വോട്ടുനില ഉയർന്നുമില്ല.

രാജ്യമൊട്ടുക്കും നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്നത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടായി തന്നെയാണ് വിലയിരുത്തപ്പെടുക. ശ്രീധരൻപിള്ളയെ സംസ്ഥാന അദ്ധ്യക്ഷനാക്കിയപ്പോൾ പ്രതീക്ഷിച്ച ജാതിവോട്ടുകൾ കൂടെപോന്നില്ലെന്നതും പാർട്ടി പരിശോധിക്കും. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് നിലപാടിനൊപ്പം നിന്നെങ്കിലും നായർവോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ട്. കരുത്തുറ്റ നേതൃത്വം കേരളത്തിൽ വരണമെന്ന ആവശ്യത്തിൽ കെ.സുരേന്ദ്രന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. പി.കെ.കൃഷ്ണദാസിനെ പിന്തുണയ്‌ക്കുന്നവരും കുറവല്ല.

അതേസമയം, നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന പ്രതികരണമാണ് കെ.സുരേന്ദ്രന്റെത്. സംസ്ഥാനത്ത് സംഘടിതമായി മോദി വിരുദ്ധ നീക്കമുണ്ടായെന്നും, പരാജയപ്പെടാനുള്ള സാഹചര്യം പാർട്ടി പരിശോധിക്കുമെന്നും ഒരു സ്വകാര്യ വാർത്താ ചാനലിനോട് സുരേന്ദ്രൻ പ്രതികരിച്ചു.