aa-rahim

തിരുവനന്തപുരം : വികസനത്തിലൂന്നിയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികളാണ് ഭരണത്തുടർച്ചയ്ക്കും മോദിയുടെ മഹാവിജയത്തിനും ഇടയാക്കിയതെന്ന കോൺഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. നരേന്ദ്ര മോദിയേയും, ബി.ജെ.പി സർക്കാരിനെയും പ്രകീർത്തിച്ചുകൊണ്ടുള്ള അബ്ദുള്ളക്കുട്ടിയുടെ വാക്കുകളോട് കോൺഗ്രസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ചോദിച്ചു. മോദിയ്ക്ക് വേണ്ടിയാണോ അബ്ദുള്ളക്കുട്ടി കണ്ണൂരിൽ കെ.സുധാകരന് വോട്ട് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. കെ.പി.സി.സിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടേയും പ്രതികരണം ഈ വിഷയത്തിൽ അറിയാൻ കേരളത്തിലെ മതേതര വിശ്വാസികളായ വോട്ടർമാർ ആഗ്രഹിക്കുന്നുണ്ടെന്നും എ.എ.റഹീം വ്യക്തമാക്കി.

ബി.ജെപിക്ക് എങ്ങനെ തുടർഭരണമുണ്ടായെന്നും നരേന്ദ്രമോദിയുടെ മഹാവിജയത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും വ്യക്തമാക്കിയാണ് എ.പി.അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. വികസനമാണ് മോദി മുഖമുദ്ര ആക്കിയതെന്നും. അതിന് ജനം നൽകിയ അംഗീകാരമാണ് വൻ വിജയം നേടാൻ ബി.ജെ.പിയെ സഹായിച്ചതെന്നും വിലയിരുത്തുന്ന അബ്ദുള്ളക്കുട്ടി ഇനി വരുന്ന കാലത്തെ രാഷ്ട്രീയം വികസനത്തിലൂന്നിയുള്ളതാവണമെന്നും അഭിപ്രായപ്പെടുന്നുണ്ട്. ഇതാദ്യമായല്ല അബ്ദുള്ളക്കുട്ടി മോദിയെ സ്തുതിക്കുന്നത്. മുൻപ് സി.പി.എം നേതാവായിരുന്നപ്പോഴും ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായി പ്രവർത്തിച്ചപ്പോൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ അബ്ദുള്ളക്കുട്ടി പ്രകീർത്തിച്ചിരുന്നു. ഇതിന്റെ പേരിൽ ഏറെ വിമർശനങ്ങളും അദ്ദേഹം നേരിടേണ്ടി വന്നിരുന്നു. സി.പി.എമ്മിൽ നിന്നും പുറത്തുപോകുവാൻ തന്നെ ഒരു കാരണമായി അത് മാറുകയും ചെയ്തിരുന്നു.