അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കോൺഗ്രസിന് തിരിച്ചടിയായി പാർട്ടി വിട്ട എം.എൽ.എയുടെ കൂറുമാറ്റം. തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ട ഗുജറാത്തിലെ രഥൻപൂർ എം.എൽ.എയായ അൽപേഷ് താക്കൂറാണ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന സൂചനയുള്ളത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരക്കുന്നത്.
അൽപേഷ് താക്കൂർ ഉൾപ്പട്ട ക്ഷത്രീയ താക്കൂർ സേനയുടെ നേതാവിന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പഠാൻ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ കോൺഗ്രസ് പ്രദേശിക നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് താക്കൂർ പാർട്ടി വിട്ടത്. ഇവിടെ മുൻ എം.പി ജഗദീഷ് താക്കൂറിനെയാണു കോൺഗ്രസ് മത്സരിപ്പിച്ചത്. സമാനമായ അവസ്ഥ സബർകാന്ത സീറ്റിലും ഉടലെടുത്തതോടെ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ താക്കൂർ സേന തീരുമാനിക്കുകയായിരുന്നു. ഗുജറാത്തിൽ പിന്നാക്ക വിഭാഗം നേതാവായി വളർന്നുവന്ന അൽപേഷ് 2017 ൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണു കോൺഗ്രസിൽ ചേർന്നത്.
അതേസമയം, അൽപേഷ് താക്കൂറുമായുള്ള ചർച്ചയെ കുറിച്ച് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോൾ താൽപര്യമുളള ആർക്കും ബി.ജെ.പിയിലേക്കു വരാമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും വ്യക്തമാക്കിയതോടെ താക്കൂറിന്റെ രാഷ്ട്രീയമാറ്റം ഏതാണ്ട് ഉറപ്പിക്കുന്ന രീതിയിലായി.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാത്ത കോൺഗ്രസിന് അൽപേഷ് താക്കൂറും കൂടെ ബി.ജെ.പിയിൽ പോയാൽ കടുത്ത പ്രഹരമായിരിക്കും സൃഷ്ടിക്കുക.