സദാചാര പൊലീസുകാരുടെ വിഹാര കേന്ദ്രമാണ് സോഷ്യൽ മീഡിയ. ഒരു പെൺകുട്ടി പ്രത്യേകിച്ച് ചലച്ചിത്ര-സീരിയൽ നടിമാർ ഒരു ചിത്രം പോസ്റ്റ് ചെയ്താൽ അപ്പോൾ തുടങ്ങും വസ്ത്രത്തിന്റെ അളവെടുത്ത് ഉപദേശം നൽകാൻ. അത്തരത്തിലൊരു ഉപദേശിയുടെ വായടപ്പിച്ചിരിക്കുകയാണ് ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ദൃശ്യ രഘുനാഥ്. വെള്ളത്തിൽ കിടക്കുന്ന ഒരു ചിത്രം ദൃശ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ എന്തിനാ പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന കമന്റുമായി ഒരു യുവാവ് രംഗത്തെത്തി.
സാധാരണയായി മിക്ക നടിമാരും ഇത്തരം കമന്റുകൾക്ക് മറുപടി നൽകാറില്ല. അവിടെയാണ് ദൃശ്യ വ്യത്യസ്തയായത്. കിടിലൻ മറുപടി നൽകി ഉപദേശം നൽകിയയാളുടെ വായടപ്പിച്ചിരിക്കുകയാണ് താരം. ദൃശ്യയുടെ മറുപടി ഇങ്ങനെ 'സഹോദരാ ഞാൻ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്? മറച്ച് വെക്കേണ്ട കാര്യങ്ങളൊക്കെ മറച്ച് വെച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ്,എല്ലാവർക്കുമുണ്ട്. ആ അവയവം എനിക്ക് മുറിച്ച് കളയാനൊന്നും പറ്റില്ലാലോ സഹോദരാ...മറച്ചുവയ്ക്കാൻ പറ്റുന്ന രീതിയിൽ മറച്ചുവച്ചിട്ടുണ്ട്. ഇനിയും അങ്ങനെത്തന്നെയായിരിക്കും. ആളുകളെ മനസിലാക്കാൻ പഠിക്കൂ...' ദൃശ്യയുടെ മറുപടി വളരെപ്പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.