കൊച്ചി : കഴിഞ്ഞമാസം ശ്രീലങ്കയെ വിറപ്പിച്ച ഭീകരാക്രമണത്തിന് പിന്നിലുള്ള തീവ്രവാദ സംഘടനകളുടെ കേരള ബന്ധത്തെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണത്തിനായി എൻ.ഐ.എ സംഘം ശ്രീലങ്കയിലേക്ക്. സ്‌ഫോനവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ അന്വേഷണം നടത്തുന്ന സുരക്ഷാ എജൻസികളുമായി സഹകരിക്കുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഡയറക്ടർ ജനറൽ വൈ എസ് മോദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലങ്കയിലേക്ക് തിരിക്കുന്നത്. ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയവർ ഇന്ത്യ സന്ദർശിച്ചിരുന്നതടക്കമുള്ള വിവരങ്ങൾ ശ്രീലങ്ക പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് സ്ഥിരീകരിക്കുവാൻ ഇന്ത്യ തയ്യാറായിരുന്നില്ല.
ഏപ്രൽ 21നാണ് ശ്രീലങ്കയെ ഞെട്ടിച്ചു കൊണ്ട് ക്രിസ്ത്യൻ പള്ളികളിലും, ആഢംബര ഹോട്ടലിലും ഭീകരർ ചാവേറാക്രമണം നടത്തിയത്. ഭീകരാക്രമണത്തിൽ വിവിധ രാജ്യങ്ങളിലെ പൗരൻമാരടക്കം 258 പേർ കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണത്തിന്റെ പിന്നിൽ ശ്രീലങ്കൻ പൗരനായ സഹ്രാൻ ഹാഷ്മിനാണെന്ന് തെളിഞ്ഞിരുന്നു. ഇയാളുടെ പ്രസംഗമടങ്ങിയ വീഡിയോകൾ മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആകർഷിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ശ്രീലങ്കയിൽ സ്‌ഫോനമുണ്ടായതിന്റെ തൊട്ടുപിന്നാലെ കേരളത്തിലും തമിഴ്നാടിലും എൻ.ഐ.എ റെയിഡ് നടത്തിയിരുന്നു. റെയിഡിനിടെ പാലക്കാട് നിന്നും റിയാസ് അബൂബക്കർ എന്ന യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെത്തിച്ച് റിയാസിനെ ചോദ്യം ചെയ്തതോടെയാണ് വിലപ്പെട്ട വിവരങ്ങളാണ് എൻ.ഐ.എക്ക് ലഭിച്ചത്. സഹ്രാൻ ഹാഷ്മിയുടെ ആശയങ്ങളിൽ റിയാസ് അബൂബക്കർ ആകൃഷ്ടനായിരുന്നു. കേരളത്തിൽ കൊച്ചിയിലടക്കം ചാവേർ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും എൻ.ഐ.എയുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. റിയാസ് അബൂബക്കറിൽ നിന്നും ശ്രീലങ്കൻ സ്‌ഫോടനത്തെ കുറിച്ച് ലഭിച്ച വിവരങ്ങളും എൻ.ഐ.എ ശ്രീലങ്കൻ സുരക്ഷാ ഏജൻസികൾക്ക് കൈമാറും. എൻ.ഐ.എ സംഘം ശ്രീലങ്കയിലെത്തി അന്വേഷണം നടത്തുന്നതോടെ കേരളത്തിലടക്കം പ്രവർത്തിക്കുന്ന തീവ്രആശയങ്ങളുള്ള കൂടുതൽ പേരുടെ വിവരങ്ങൾ ലഭ്യമാവും.