ഇസ്ളാമാബാദ്: ഖുറാൻ പേജിൽ മരുന്ന് പൊതിഞ്ഞു നൽകിയെന്ന ആരോപണത്തെ തുടർന്ന് പാകിസ്ഥാനിൽ വ്യാപക അക്രമം. ഹിന്ദു വംശജനും വെറ്ററിനറി ഡോക്‌ടറുമായ രമേശ് കുമാർ എന്നയാളെയാണ് മതനിന്ദകുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തത്. പള്ളിയിലെ ഇമാം നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. ഖുർ ആൻ പേജ് കീറുകയും മരുന്ന് പൊതിഞ്ഞു നൽകിയെന്നുമാണ് ഇയാൾക്കെതിരെയുള്ള പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെ ഹിന്ദുക്കൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായി അക്രമമുണ്ടായിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഡോക്‌ടറെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ഫുലാദ്യോൻ പട്ടണത്തിൽ റോഡ് ഉപരോധിക്കുകയും ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്‌തു. സൗത്ത് സിന്ധും കറാച്ചിയും ഹിന്ദു ന്യൂനപക്ഷം കൂടുതലായി താമസിക്കുന്ന പ്രദേശമാണ്. മതനിന്ദ കുറ്റമാരോപിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് ഹിന്ദു കൗൺസിൽ ആരോപിച്ചു.
ഹിന്ദു വിഭാഗമാണ് പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷം. ഔദ്യോഗിക കണക്കുപ്രകാരം 75ലക്ഷമാണ് പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ. 1987നും 2016നും ഇടയിൽ 1472 പേർക്കെതിരെയാണ് മതനിന്ദ കുറ്റം ചുമത്തിയത്.