ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിലേറുന്ന പാർട്ടിക്ക് പ്രാദേശിക പാർട്ടികളുടെ പിന്തുണയില്ലാതെ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടരുതേയെന്ന് ഞാൻ എന്നും ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു.അങ്ങനെയായിരുന്നെങ്കിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുകയെന്ന ഞങ്ങളുടെ ആഗ്രഹം എത്രയും വേഗം സഫലമായേനെ." പറയുന്നത് നിയുക്ത ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി.നരേന്ദ്രമോദിയെ ഡൽഹിയിലെത്തി ആശംസയറിയിച്ച ജഗൻ പ്രതീക്ഷ കൈവിടുന്നില്ല.
മധുരമായ ഒരു പ്രതികാരത്തിന്റെ കഥയാണ് ജഗന്റെ രാഷ്ട്രീയ ജീവിതം. കോൺഗ്രസിൽ നിന്നും തെലുങ്കുദേശം പാർട്ടിയിൽ നിന്നും ഒരുപോലെ പീഡനം ഏറ്റുവാങ്ങിയ ജഗൻ ഇപ്പോൾ തുറന്നു പറയുന്നുണ്ട്,തനിക്ക് പ്രതികാര രാഷ്ട്രീയം വശമില്ലെന്ന്.കോൺഗ്രസിനോട് ക്ഷമിച്ചുവെന്നും.എന്നാൽ ഒരിക്കലും മാതൃപ്രസ്ഥാനമായ കോൺഗ്രസിലേക്ക് ഒരു മടക്കയാത്രയില്ല. ജഗൻ ചോദിക്കുന്നു.' എന്റെ പാർട്ടിക്ക് 49.16 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് വെറും രണ്ട് ശതമാനത്തിൽ താഴെ മാത്രം. ആ പാർട്ടിയിലേക്ക് ഞാനെന്തിന് പോകണം." ആ ചോദ്യത്തിൽ ഒരു പരിഹാസത്തിന്റെ സ്വരമില്ലാതില്ല.ആന്ധ്രയിൽ കോൺഗ്രസിന്റെ നെടുംതൂണായിരുന്ന അച്ഛൻ വൈ.എസ്.രാജശേഖര റെഡ്ഢി മരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വം തന്നോടു കാണിച്ച ക്രൂരത ജഗൻ ജീവിതത്തിൽ മറക്കില്ല.
ഇപ്പോൾ ആന്ധ്രയിൽ രാജകീയവിജയം ആഘോഷിക്കുകയാണ് ജഗൻ മോഹൻ റെഡ്ഡി. ഒരുപക്ഷേ ഇന്ത്യയാകെ ഉറ്റുനോക്കുന്ന വിജയങ്ങളിലൊന്നാണ് ജഗന്റേത്. 175 സീറ്റുകളുള്ള ആന്ധ്ര നിയമസഭയിൽ 151 സീറ്റുകൾ നേടിയാണ് ജഗൻ അധികാരം പിടിച്ചത്. 25 ലോക്സഭാ സീറ്റുകളിൽ 22ഉം വൈ.എസ്.ആർ.സി.പിക്കാണ്. ആന്ധ്രയിൽ ഭരണകക്ഷിയായ ടി.ഡി.പി നിയമസഭയിൽ 30 സീറ്റിലൊതുങ്ങി. പവൻ കല്യാണിന്റെ ജനസേന പാർട്ടി ഒരു സീറ്റ് നേടി. കോൺഗ്രസിനും ബി.ജെ.പിക്കും സീറ്രില്ല. പത്തു വർഷം മുമ്പ് അച്ഛൻ വൈ.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്ടർ അപകടത്തിൽ മരണമടയുമ്പോൾ ബിസിനസ് രംഗത്തായിരുന്നു മകൻ ജഗൻ.
വൈ.എസ്. രാജശേഖര റെഡ്ഡി എന്ന വൈ.എസ്.ആർ 1978 മുതൽ ആന്ധ്രയിലെ കോൺഗ്രസിന്റെ മുഖമായിരുന്നു . മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ച നേതാവ്. അജയ്യമായ രാഷ്ട്രീയ നേതൃത്വത്തിന് മികച്ച ഉദാഹരണമായിരുന്നു വൈ.എസ്.ആർ. 2003ൽ കൊടുംവരൾച്ചയിൽ പെട്ട് ആന്ധ്രയുടെ തൊണ്ടവരണ്ട നാളുകൾ. തിളയ്ക്കുന്ന വെയിലിൽ 1500 കിലോമീറ്റർ പദയാത്ര നടത്തിയ നേതാവാണ് വൈ.എസ്.ആർ. തന്നെ തളർത്താനുള്ള വേനൽ ഇനിയും ഉദിച്ചിട്ടില്ലെന്ന കരുത്തോടെ നീങ്ങിയ അദ്ദേഹത്തിന്റെ പ്രയാണം ചെന്നു നിന്നത് ആന്ധ്രയുടെ മുഖ്യമന്ത്രിക്കസേരയിൽ.
അച്ഛന്റെ മരണത്തെ തുടർന്ന് മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ട ജഗന് മുഖത്തേറ്റ പ്രഹരമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ആവശ്യപ്പെടാതെ കസേര കിട്ടുമെന്ന് കരുതിയ ജഗന്, അർഹതയുണ്ടായിട്ടും അത് കിട്ടാത്തതിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നു . അച്ഛനോട് അനുഭാവമുണ്ടായിരുന്ന സോണിയ തന്നെ തഴയുമെന്ന് ജഗൻ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. എഴുപത്തൊൻപതുകാരനായ പാർട്ടി നേതാവ് കെ.റോസയ്യയാണ് വൈ.എസ്.ആറിന് പകരക്കാരനായത്.
ഒടർപ്പ് യാത്രയ്ക്ക് (അനുശോചന യാത്ര) അനുമതി തേടി അമ്മയ്ക്കൊപ്പം ഡൽഹിയിലെത്തിയപ്പോൾ പോലും ജഗനെ കാണാൻ സോണിയാ ഗാന്ധി കൂട്ടാക്കിയില്ലത്രേ. ആ യാത്ര ഉയർത്തിയ തരംഗത്തിനൊടുവിൽ കടപ്പ ഉപതിരഞ്ഞെടുപ്പിൽ ജഗൻ നേടിയെടുത്തത് റെക്കാഡ് ഭൂരിപക്ഷം. ഇതേത്തുടർന്ന് രണ്ടു വർഷത്തിനുശേഷം 2011- ൽ കോൺഗ്രസിനെ പിളർത്തി വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. പാർട്ടിയിൽ നിന്ന് ഒരു വലിയ വിഭാഗം ജഗനൊപ്പം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 175-ൽ 67 സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമായി. ജഗൻ പ്രതിപക്ഷ നേതാവുമായി.ഒരു വർഷത്തോളം ജയിൽവാസം അനുഭവിച്ചു. തനിക്ക് നേരിട്ട പ്രഹരത്തിനുള്ള പ്രതികാരമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജഗൻ കോൺഗ്രസിന് നൽകിയത്. ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്ന വൻമരത്തെ വീഴ്ത്തിയതിന്റെ അത്യാഹ്ളാദവും ഈ വിജയത്തിന് പിന്നിലുണ്ട്.ആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെ വളർത്തിയെടുക്കാനുള്ള ചന്ദ്രബാബുനായിഡുവിന്റെ നീക്കത്തിലെ അഴിമതികളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജഗൻ.അഴിമതിരഹിത ആന്ധ്രയാണ് തന്റെ ലക്ഷ്യമെന്നും ഈ ചെറുപ്പക്കാരൻ പറയുന്നു.അച്ഛനെപ്പോലെ വലിയൊരു യാത്ര ജഗനും നടത്തിയിരുന്നു.ആന്ധ്ര ജഗന് അതിന്റെ ഹൃദയം തന്നെ നൽകിയിരിക്കുന്നു.
വൈ.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ്ജഗൻ മോഹൻ റെഡ്ഡിയുടെ ജനനം. പുലിവെണ്ടുലയിലും ഹൈദരബാദിലുമായി വിദ്യാഭ്യാസം . വൈ.എസ് ആർ കുടുംബത്തിന്റെ ഉടമസ്ഥതയിൽ തന്നെ ഉള്ള ഭാരതി സിമന്റിന്റെ കോർപറേറ്റ് പ്രൊമോട്ടർ ആയും പ്രവർത്തിച്ചു. സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്. നാളെ തലസ്ഥാനമായ വിജയവാഡയിൽ ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.