bjp

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനത്തിൽ അതൃപ്‌തി അറിയിച്ച് കേന്ദ്ര നേതൃത്വം. അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞിട്ടും ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ അതൃപ്‌തി ദേശീയ സെക്രട്ടറി വൈ. സത്യകുമാർ പങ്കുവച്ചു. കേരളത്തിൽ മൂന്ന് സീറ്റുവരെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് സത്യകുമാർ പറഞ്ഞു.

എന്നാൽ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ പ്രകടനത്തിൽ കേന്ദ്രനേതൃത്വത്തിന് തൃപ്‌തിയെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ഇന്നലെ അവകാശപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രി തന്നെ നേരിട്ടു വിളിച്ച് അഭിനന്ദിച്ചെന്നായിരുന്നു പിള്ള വ്യക്തമാക്കിയത്.

അതേസമയം, സ്ഥാനാർത്ഥി നിർണയവേളയിൽ സംസ്ഥാന അദ്ധ്യക്ഷൻ തന്നെ സീറ്റിനായി ഓടിയത് പ്രതികൂലമായി ബാധിച്ചുവെന്നാണ് പാർട്ടിയിലെ പ്രധാനവിമർശനം. തിരുവനന്തപുരത്ത് ബി.ജെ.പി- ആർ.എസ്.എസ് ശക്തി കേന്ദ്രമായ വട്ടിയൂർക്കാവിൽ പോലും ഫലം വന്നപ്പോൾ പിന്നിലായി. ഒരു ലക്ഷത്തിലധികം വോട്ടിനാണ് കുമ്മനം പരാജയപ്പെട്ടത്. പത്തനംതിട്ടയിൽ മൂന്നുലക്ഷത്തിനടുത്ത് വോട്ടുപിടിച്ചെങ്കിലും മൂന്നാംസ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. തൃശൂരിൽ സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് വോട്ടുനില ഉയർന്നുമില്ല.

രാജ്യമൊട്ടുക്കും നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തപോലും ജയിക്കാനായില്ലെന്നത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടായി തന്നെയാണ് വിലയിരുത്തപ്പെടുക. ശ്രീധരൻപിള്ളയെ സംസ്ഥാന അദ്ധ്യക്ഷനാക്കിയപ്പോൾ പ്രതീക്ഷിച്ച ജാതിവോട്ടുകൾ കൂടെപോന്നില്ലെന്നതും പാർട്ടി പരിശോധിക്കും.

എന്നാൽ സംസ്ഥാന ബി.ജെ.പിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം നോക്കിയല്ല ബി.ജെ.പി. പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്ന് എം.ടി.രമേശ് വ്യക്തമാക്കി. സംസ്ഥാനത്ത് സംഘടിതമായി മോദി വിരുദ്ധ നീക്കമുണ്ടായെന്നും, പരാജയപ്പെടാനുള്ള സാഹചര്യം പാർട്ടി പരിശോധിക്കുമെന്ന് കെ.സുരേന്ദ്രനും അഭിപ്രായപ്പെട്ടു.