ഷാജഹാൻപൂർ: ആശുപത്രി അധികൃതർ അംബുലൻസ് നിഷേധിച്ച കുഞ്ഞിന് അമ്മയുടെ കൈയ്യിൽ ദാരുണാന്ത്യം. കടുത്ത പനിയെത്തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. ആശുപത്രി പരിസരത്ത് മൂന്ന് ആംബുലൻസുകളുണ്ടായിട്ടും ആവശ്യപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ ആംബുലൻസ് വിട്ട് നൽകിയില്ലെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.
കൈയ്യിൽ പണമില്ലാത്തതിനാൽ കാൽനടയായി വീട്ടിലേക്ക് പോകാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. വഴിമധ്യേ അമ്മയുടെ കൈയ്യിൽ കുഞ്ഞ് മരിച്ചു. അതേസമയം ദമ്പതികളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ തങ്ങൾക്കിഷ്ടമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞാണ് പോയതെന്ന് അധികൃതർ പറയുന്നു.