ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ആത്മഹത്യപരമായ തീരുമാനമാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത് സംഘപരിവാറിന്റെ അജണ്ടകൾക്കെതിരെ പ്രവർത്തിക്കുന്ന മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലീഷ് മാദ്ധ്യമമായ ദ ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതത്.
അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച രാഹുലിനെ പിന്തിരിപ്പിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കങ്ങൾ നടക്കാതെ വരുന്നതോടെ പുതിയ അദ്ധ്യക്ഷനെ തേടാൻ കോൺഗ്രസ് പ്രവർത്തക സമിതി ഒരാഴ്ചക്കുള്ളിൽ യോഗം ചേരാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെരാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാലരയ്ക്ക് ഡൽഹിയിലാണ് യോഗം ചേരുക.
കഴിഞ്ഞ ശനിയാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്രെടുത്ത് രാജിവയ്ക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ സന്നദ്ധത പ്രകടിപ്പിച്ചത്. പകരക്കാരനായി തന്റെ അമ്മയേയോ സഹോദരി പ്രിയങ്കയേയോ പരിഗണിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. താൻ ഒരു അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടർന്നോളാം എന്നാണ് രാഹുലിന്റെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടർന്നാണ് രാഹുൽ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസിന് ഒരു സീറ്രുപോലും ലഭിച്ചിരുന്നില്ല. നെഹ്റു കുടുംബം പരമ്പരാഗതമായി ജയിച്ചിരുന്ന ഉത്തർപ്രദേശിലെ അമേതിയിലെ തന്റെ സിറ്രിംഗ് സീറ്രിലും രാഹുൽ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്ത മദ്ധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും കനത്ത തിരിച്ചടി നേരിട്ടു. ജെ.ഡി.എസിന്റെ കൂടെ ഭരണത്തിലിരുന്ന കർണാടകയിലും തോറ്റു. തോൽവിയെ തുടർന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കളെ വിമർശിച്ച രാഹുൽ മറ്ര് നേതാക്കളുമായ കൂടിക്കാഴ്ച നടത്താനും വിസമ്മതിച്ചു. കെ.സി.വേണുഗോപാലും അഹമ്മദ് പട്ടേലും മാത്രമാണ് ഇന്നലെ അദ്ദേഹത്തെ കണ്ടത്.
രാഹുലിന്റെ രാജി സ്വീകരിച്ചാലും നെഹ്റു കുടുംബത്തിന് പുറത്തുള്ള ആരെയെങ്കിലും അദ്ധ്യക്ഷനാക്കുമോ എന്ന് സംശയമുണ്ട്. രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്ന് ഐ.ഐ. സി.സി ട്രഷററായിരുന്ന സീതാറാം കേസരിയെ പ്രസിഡന്റാക്കിയെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റി സോണിയാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അതുകൊണ്ട് തന്നെ ആര് പ്രസിഡന്റാകും എന്നത് കോൺഗ്രസിൽ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. പ്രിയങ്കയെ അദ്ധ്യക്ഷയാക്കാൻ അനുവദിക്കുന്നില്ലെങ്കിൽ നേതൃപ്രശ്നമായിരിക്കും കോൺഗ്രസിന്റെ അലട്ടുന്ന അടുത്ത വെല്ലുവിളി.