loksabha

ന്യൂഡൽഹി : ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്ത് മത്സരിച്ച് വിജയിച്ച നിയുക്ത എം.പിമാരിൽ ഏറ്റവും കൂടുതൽ ക്രമിനൽ കേസുള്ളത് കേരളത്തിൽ നിന്നുള്ള ജനപ്രതിനിധിക്ക്. ലോക്സഭയിലേക്ക് ഇടുക്കി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ഡീൻ കുര്യാക്കോസിന്റെ പേരിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുളളതെന്നാണ് റിപ്പോർട്ട്. കാസർഗോഡ് ജില്ലയിൽ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനവ്യപകമായി ഹർത്താലിന് ആഹ്വാനം ചെയ്തതാണ് ഡീന് വിനയായത്. ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് 193 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുൾപ്പടെ 204 കേസുകളാണ് ഇടുക്കിയുടെ നിയുക്ത എം.പിയുടെ പേരിലുള്ളതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിൽ പറയുന്നു. വീട് അതിക്രമിച്ച് കയറൽ തുടങ്ങി 37 ഗുരുതര സ്വഭാവമുള്ള കേസുകളും ഇതിൽപ്പെടുന്നുണ്ട്. കേരളത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, കെ.സുധാകരൻ എന്നിവരുടെ പേരിലും ക്രിമിനൽ കേസുകളുണ്ട്.

അതേസമയം രാജ്യത്തെ മൊത്തം കണക്കെടുപ്പിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള എം.പി.മാരുള്ളത് ബി.ജെ.പിയിലാണ്. വിജയിച്ചവരിൽ 116 ബി.ജെ.പി എം.പിമാരുടെ പേരിലും ക്രിമിനൽ കേസുണ്ട്.