ന്യൂഡൽഹി: മമതാ ബാനർജി സർക്കാരിന്റെ മൂന്ന് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരും ഒരു സി.പി.ഐ.(എം), രണ്ട് കോൺഗ്രസ് എം.എൽ.എമാരും ബിജെപിയിലേക്ക്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വൻ മുന്നേറ്റത്തിനാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്. 42 സീറ്റിൽ 18 എണ്ണവും ബി.ജെ.പി സ്വന്തമാക്കി. തൃണമൂൽ കോൺഗ്രസിന് 22 സീറ്റുകളാണ് ലഭിച്ചത്.
സസ്പെൻഷനിലുള്ള സുബ്രഗ്ഷു റോയ് ഉൾപ്പെടുന്ന മൂന്ന് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാർ തിങ്കളാഴ്ച വൈകീട്ട് ഡൽഹിയ്ക്ക് പോയതായി റിപ്പോർട്ടുണ്ട്. കൻച്ചറപ്പാറ,ഹലിഷഹർ,നെയിഹാട്ടി എന്നിവടങ്ങളിലെ 40 കൗൺസിലർമാരും ഇവർക്കൊപ്പം ഉണ്ടെന്നാണ് റിപ്പോർട്ട്. കൗൺസിലർമാർ പാർട്ടിയിലേക്ക് എത്തുന്നതോടെ രണ്ട് മുൻസിപ്പാലിറ്റികളിൽ അവകാശവാദം ഉന്നയിക്കാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മമതാ ബാനർജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ 2017ൽ തൃണമൂൽ കോൺഗ്രസ് വിട്ട മുകുൾ റോയിയും നേതാക്കൾക്കൊപ്പം ഡൽഹിയിലേക്ക് പോയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി നേടിയ വിജയമാണ് തങ്ങളെ ആകർഷിച്ചതെന്ന് വെസ്റ്റ് ബംഗാളിലെ ഖാരിഫയിലെ കൗൺസിലറായ റൂബി ചാറ്റർജി പറഞ്ഞു. സസ്പെൻഷനിലുള്ള തൃണമൂൽ കോൺഗ്രസ് എം.എൽ.എ സുബ്രഗ്ഷു റോയ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ താൻ ബി.ജെ.പിയിൽ ചേരുമെന്ന് മുമ്പേ വ്യക്തമാക്കിയിരുന്നു. സസ്പെൻഷൻ ലഭിച്ചപ്പോൾ പിതാവിന്റെ പാത പിന്തുടർന്ന് താൻ ബി.ജെ.പിയിൽ ചേരുമെന്ന് സുബ്രഗ്ഷു പറഞ്ഞിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 17ശതമാനം വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 40.5 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിച്ചു.