hotel

തിരുവനന്തപുരം: മൂന്നു നേരം ആഹാരം എവിടെ നിന്ന് കഴിക്കണമെന്നു മലയാളി അടക്കം സോഷ്യൽ മീഡിയയിൽ ചോദിച്ചു ഉറപ്പുവരുത്തുന്ന കാലമാണിത്. എന്നിട്ടും കേരളത്തിലെ ഭക്ഷണശാലകൾ ജനത്തിന്റെ ആവശ്യത്തിനനുസരിച്ചു ശുചിത്വമുള്ളതാകുന്നില്ല. തിരുവന്തപുരത്തെ വേളി ടൂറിസ്റ്റ് വില്ലേജിലെ കെ.ടി.ഡി.സി റെസ്റ്റാറ്റാന്റിൽ പാചകത്തിനായി കുടി വെള്ളം ശേഖരിച്ചു വച്ചിരുന്നത് അടുക്കളയിലെ വാഷ് ബസിനുകളിൽ. ആ കുടി വെള്ളത്തിൽ എലി ചത്ത് കിടക്കുന്നു. റസ്റ്റോറന്റ് പ്രവർത്തനം തുടങ്ങുന്നതിനു മുൻപ് അതി രാവിലെ നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് പരിതാപകരമായ ഈ അവസ്ഥ കണ്ടെത്തിയത്. ഇതിനൊപ്പം വൃത്തിഹീനമായി പഴകിയ മാംസം ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിലും തുറന്നു വച്ച നിലയിലും സൂക്ഷിച്ചിരുന്നതും പിടിച്ചെടുത്തു നശിപ്പിച്ചു . അടുക്കളയും പരിസരവും വൃത്തിയാക്കി ശുചിത്വം ഉറപ്പാക്കുന്നതുവരെ റസ്റ്റോറന്റ് അടച്ചിടുവാനും ഉദ്യോഗസ്ഥർ നിർദേശം നൽകിയിരിക്കുകയാണ്. വൃത്തിഹീനമായ രീതിയിൽ റസ്റ്റോറന്റ് പ്രവർത്തിപ്പിച്ചതിനു കെ.ടി.ഡി.സിക്ക് പിഴ ഈടാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.

പൊതുമേഖലാ സ്ഥാപനമായ കെ.ടി.ഡി.സിയുടെ മേൽനോട്ടത്തിൽ വേളി ടൂറിസ്റ്റ് വില്ലേജിൽ പ്രവർത്തിക്കുന്ന ഏക റസ്റ്റോറന്റിലാണ് തികച്ചും ഈ വൃത്തി ഹീനമായ അന്തരീക്ഷമെന്നതു ഞെട്ടൽ ഉളവാക്കുന്നതുമാണ്. ടൂറിസ്റ്റ് വില്ലേജിൽ ദിവസേനെ എത്തുന്ന സന്ദർശകർ ആഹാരത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് എലി ചത്ത് കിടന്നതടക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ അടച്ചു പൂട്ടിയത്. ഇത്തരം ഭക്ഷണ ശാലകളോട് ജനങ്ങൾക്കുണ്ടായിരുന്ന അമിത വിശ്വാസത്തിനാണ് ഇത്തരം സംഭവങ്ങൾ മങ്ങൽ ഏൽപ്പിച്ചിരിക്കുന്നത്.

വൃത്തികേടിന്റെ ദുഷ്മാതൃകകളാണ് നേർകണ്ണ് നടത്തിയ അന്വേഷണത്തിൽ കാണാനായത്. ഭക്ഷണത്തിൽ നിന്നും അജിനോ മോട്ടോ അടക്കം രാസ വസ്തുക്കൾ ഒഴിവാക്കിയാൽ എല്ലാം സുരക്ഷിതമാണ് എന്ന മനസികാവസ്ഥയിലാണ് ജനം ഇപ്പോളും. ഭക്ഷണ ശാലകളിൽ പരിസര ശുചിത്വം ഇപ്പോളും ഒരു ഘടകമായി കാണുന്നതേ ഇല്ല. എല്ലാം സുരക്ഷിതം എന്ന ധാരണയിലാണ് ജനം. പക്ഷെ ഭക്ഷണം കഴിക്കാനെത്തുന്ന മിക്ക ഭക്ഷണ ശാലകളിലും സുരക്ഷയും വൃത്തിയും നന്നേ കുറവാണെന്നതാണ് യാഥാർത്ഥ്യം

വേളി ടൂറിസ്റ്റ് വില്ലേജിലെ കെ.ടി.ഡി.സി റസ്റ്റോറന്റിലെത്തിയ നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡ് ഉദ്യോഗസ്ഥർക്ക് കാണാനായത് വൃത്തികേടിന്റെ അങ്ങേയറ്റമാണ്. അവരറിയാതെ ഒപ്പം കൂടിയ നേർകണ്ണിനും ഈ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. അതിരാവിലെയാണ് ഭക്ഷണശാലകളിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുക. സമയം വൈകിയാൽ തലേന്നത്തെ മിച്ച ഭക്ഷണം അന്നത്തെ ഭക്ഷണത്തോടൊപ്പം ചേരും.

hotel

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ ആദ്യം കണ്ടെത്തിയത് ഇൻസ്റ്റന്റ് ടി മേക്കറിൽ അംഗീകൃത ശുദ്ധ ജലത്തിന് പകരം പായലും അഴുക്കും നിറഞ്ഞ ജലം ഉപയോഗിക്കുന്നതാണ്. തൊട്ടു പിന്നാലെ പാചകശാലയിലേക്കു കയറിയ ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഞെട്ടി. ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചി പാത്രങ്ങളിൽ ഒട്ടിപ്പിടിച്ച അവസ്ഥയിൽ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നു. അന്നേ ദിവസത്തേക്ക് ഉപയോഗിക്കാനുള്ളതെന്നു മാനേജരുടെ മറുപടി . ഫ്രിഡ്ജിനുള്ളിൽ പഴകിയ പച്ചക്കറികൾ, തലേന്നത്തെ കറികൾ, സാലഡ് എന്നിവ വൃത്തിഹീനമായി സൂക്ഷിച്ചിരിക്കുന്നു. വീണ്ടും ഉപയോഗിക്കാൻ പഴം പൊരിയും മറ്റും ഉണ്ടാക്കുവാനായി ഉപയോഗിച്ച എണ്ണ കളയാതെ അടുത്ത ദിവസത്തേക്കുള്ള ഉപയോഗത്തിനായി ചീന ചട്ടികളിൽ നിറഞ്ഞിരിക്കുന്നു. തുറന്നു വച്ചിരിക്കുന്ന മുട്ടകൾ എലികൾ കടിച്ചു പൊട്ടിച്ചു വൃത്തിഹീനമായി വച്ചിരിക്കുന്നു.

പാത്രം കഴുകുന്ന മുറിയിലേക്ക് കടന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മൂന്നു വാഷ് ബേസിനുകളിലായി വെള്ളം പിടിച്ചു വച്ചിരിക്കുന്നു. എന്തിനെന്ന ചോദ്യത്തിന് കുടിവെള്ളത്തിനു ദൗർലഭ്യമുള്ളതിനാൽ കരുതലായി ശേഖരിച്ചു വച്ചതാണ് എന്നായിരുന്നു മാനേജരുടെ മറുപടി. ഇതിൽ ഒരു ബേസിനിൽ ഏലി ചത്ത് കിടക്കുന്നതു പരിശോധനാ ഉദ്യോഗസ്ഥർ കാട്ടി കൊടുത്തു. ഏലി അടച്ചുറപ്പില്ലാതെ തുറന്നു കിടക്കുന്ന മേൽക്കൂരയിൽ നിന്നും വീണതാകാം എന്നായിരുന്നു നിസ്സംഗതയോടെയുള്ള മറുപടി. ശ്രദ്ധയിൽ പെട്ടില്ലായിരുന്നെങ്കിൽ ആ ചത്ത എലിയെ എടുത്തു കളഞ്ഞു ആ വെള്ളം ഉപയോഗിക്കും എന്നതിൽ ഒരു സംശയവുമുണ്ടായിരുന്നില്ല ആ മറുപടിയിൽ നിന്നും.

hotel

പഴകിയ ഭക്ഷണ സാധനങ്ങൾ ചാക്ക ഹെൽത്ത് ഓഫീസിൽ നിന്നും വിളിച്ചു വരുത്തിയ ജീവനക്കാർ കസ്റ്റഡിയിലെടുത്തു നീക്കം ചെയ്തു. അടുക്കളയും പാചകശാലയും അടിയന്തിരമായി അറ്റകുറ്റ പണി നടത്തി വൃത്തിയാക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി .അതുവരെ ഭക്ഷണ ശാല തുറക്കരുതെന്നു കർശനമായ നിർദേശവും നൽകി. ഇത്തരം വൃത്തിഹീനമായ അവസ്ഥയിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നഗരസഭാ മേയർ അഡ്വ. വി.കെ പ്രശാന്ത് നേർകണ്ണിനോടു പറഞ്ഞു. ഇത്തരം ഭക്ഷണ ശാലകളുടെ ലൈസൻസ് തന്നെ റദ്ദാക്കും . ഭക്ഷണശാലകളും പരിസരവും ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നതിനൊപ്പം അവിടെത്തെ മാലിന്യങ്ങളും അറവു മാലിന്യങ്ങളും നിരത്തുകളിൽ തള്ളുന്ന പ്രവണതയും വർധിച്ചു വരികയാണ്. അത്തരം മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും പൊതു നിറത്തിൽ തള്ളുന്ന വാഹനങ്ങൾ കണ്ടു കെട്ടി കളക്ടർക്ക് കൈമാറും. നഗരസഭാ ശുചിത്വ സ്‌ക്വാഡുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും നഗരസഭാ മേയർ ഉറപ്പു നൽകി.