modi-and-amit-sha-

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിലെ പദ്ധതി തയ്യാറാക്കി ബി.ജെ.പി. 2024ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 333 സീറ്റുകൾ നേടി അധികാരത്തിലേറാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്ന് ദേശീയ സെക്രട്ടറി സുനിൽ ദിയോദർ പറഞ്ഞു. ആന്ധ്രാപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ചുമതലയുള്ള സെക്രട്ടറിയാണ് സുനിൽ ദിയോദർ. ഇത്തവണ 303സീറ്റുകൾ നേടി ചരിത്ര വിജയമാണ് ബി.ജെ.പി സ്വന്തമാക്കിയത്. 2014ൽ ഇത് 282 ആയിരുന്നു.

അടുത്ത തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം കാണാനായി ദക്ഷിണേന്ത്യയിലും ബംഗാളിലും സ്വധീനം ചെലുത്തുകയാണ് ബി.ജെ.പിയുടെ പദ്ധതി. അതോടെ 333 സീറ്റ് നേടുക എന്നത് എളുപ്പമാകും. ബി.ജെ.പിക്ക് എപ്പോഴും ബാലികേറാമലയായിരുന്ന കേരളം ഉൾപ്പടെ സ്വാധീനം ചെലുത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. ദേശീയ മാദ്ധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ ദിയോദർ ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദി സംസാരിക്കുന്നവരുടെ പാർട്ടി എന്ന കാഴ്ചപ്പാടിൽ നിന്ന് ബി.ജെ.പി പുറത്തുവരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി താൻ തെലുങ്ക്, ബംഗാളി എന്നീ ഭാഷകൾ പഠിച്ചെന്ന് ദിയോദർ പറയുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടനപരമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ പാർട്ടി ആരംഭിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി യോഗം ചേരും. ചൊവ്വാഴ്ച കേരളത്തെക്കുറിച്ചാണ് ആദ്യ ചർച്ച.

ഇത്തവണ കർണാടകയിൽ 28ൽ 25 സീറ്റും ബി.ജെ.പി നേടിയിരുന്നു. തെലങ്കാനയിൽ പതിനേഴിൽ നാല് സീറ്റ്. കേരളം, ആന്ധ്രാ പ്രദേശ്, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ ഒരു സീറ്റ് പോലും നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. പശ്ചിമ ബംഗാളിൽ 2014ൽ രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി 2019ൽ പതിനെട്ട് സീറ്റിൽ വിജയിച്ചു. ബംഗാളിൽ സ്വീകരിച്ച അതേ മാതൃക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വീകരിക്കാനാണ് പാർട്ടി തീരുമാനമെന്നും ദിയോദർ പറഞ്ഞു. ത്രിപുരയെ സി.പി.എമ്മിൽ നിന്നും പറിച്ചെടുത്ത ദേശീയ നേതാക്കളിൽ പ്രമുഖനാണ് സുനിൽ ദിയോദർ. മുതിർന്ന ആർ.എസ്.എസ് നേതാവായിരുന്നു ദിയോദറിനെ ബി.ജെ.പിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് പാർട്ടിയിൽ നിയോഗിച്ചത്.