തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. പലിശ നിരക്ക് ഏറ്റവും കുറവെന്ന് പറഞ്ഞിട്ടില്ലെന്നും കമ്പോളത്തിൽനിന്ന് വായ്പ എടുക്കണമെങ്കിൽ ഇത് കൊടുക്കേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു. രേഖകൾ പ്രതിപക്ഷ നേതാവിനും എം.എൽ.എമാർക്കും പരിശോധിക്കാം, ചർച്ചചെയ്യാം. എന്നാൽ അത് പൊതുപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം, മസാലബോണ്ടുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ നിയമസഭയിൽ ചർച്ച തുടരുകയാണ്. ഇതിനിടെ മസാലബോണ്ട് നരേന്ദ്രമോദി കൊണ്ടുവന്ന ലിബറൽ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതു പക്ഷം ഇത് ഏറ്റെടുക്കുന്നത് അപചയമാണ്. ധനമന്ത്രി കള്ളം പറഞ്ഞെന്നും കുറഞ്ഞ പലിശയാണെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല സഭയിൽ തുറന്നടിച്ചു.
മസാല ബോണ്ട് വിറ്റശേഷമാണ് ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. മാർച്ച് 29ന് കാനഡയിൽ വച്ച് ബോണ്ട് സി.പി.ഡിക്യു കമ്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്റെ മണിയാണ് ലണ്ടനിൽ മുഖ്യമന്ത്രി അടിച്ചത്. കാനഡയിലെ ക്യുബക്കിൽ ബോണ്ട് പ്രൈവറ്റായി ഇഷ്യൂ ചെയ്തു. ലാവ്ലിനെ സഹായിക്കേണ്ട എന്ത് ബാദ്ധ്യതയാണ് പിണറായിക്കുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
ലണ്ടനിലെ മണിയടി പ്രഹസനമാണെന്നും ബോണ്ട് വാങ്ങാൻ ആരും വരില്ലെന്നും ശബരിനാഥൻ എം.എൽ.എ നിയമസഭയിൽ ചർച്ചയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു. ഊഹാപോഹം റേറ്റിംഗായ 'ബിബി' മാത്രമാണ് മസാലാ ബോണ്ടിനുള്ളതെന്നും സർക്കാരിന്റെ മസാലബോണ്ട് കമ്യൂണിസത്തിന്റെ മരണമണിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.