ന്യൂഡൽഹി: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള കണക്കുകൂട്ടലിലാണ് എൻ.ഡി.എ. രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 21 എം.പിമാരുടെ കുറവാണുള്ളത്. 2020 ഓടെ ഇത് മറികടക്കാമെന്നാണ് കണക്ക്കൂട്ടൽ. അതോടെ രണ്ടാം മോദി സർക്കാരിന് പുതിയ നയ – നിയമ നിർമ്മാണത്തിന് രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പിന്തുണ തേടേണ്ടി വരില്ല.
ഒന്നാം മോദി സർക്കാരിന്റെ പ്രധാന വെല്ലുവിളി രാജ്യസഭയിൽ ഭൂരിപക്ഷമില്ലെന്നതായിരുന്നു. ഇതുകാരണം മുത്തലാഖ്, പൗരത്വ ഭേദഗതി തുടങ്ങിയ സുപ്രധാന ബില്ലുകൾ ലോക്‌സഭ പാസാക്കിയിട്ടും രാജ്യസഭയിൽ കുരുങ്ങിപ്പോയി.
245 അംഗ രാജ്യസഭയിൽ 102 എം.പിമാരാണ് എൻ.ഡി.എയ്‌ക്കുള്ളത്. യു.പി.എയ്‌ക്ക് 65 ഉം മറ്റുള്ളവരെല്ലാം ചേർന്ന് 73ഉം ആണ് പ്രതിപക്ഷ അംഗബലം.
ഭൂരിപക്ഷത്തിന് 123 പേർ വേണം. അടുത്തവർഷം ഈ മാന്ത്രിക സഖ്യയിലെത്താമെന്നാണ് സൂചന. ഇക്കൊല്ലം 10 സീറ്റുകളും 2020ൽ 72 സീറ്റുകളും ഒഴിയും.
72ൽ 55 സീറ്റ് ഏപ്രിലിലും 5 എണ്ണം ജൂണിലും ഒരെണ്ണം ജൂലായിലും 11 എണ്ണം നവംബറിലുമാണ് ഒഴിയുക. ഇതെല്ലാം ബി.ജെ.പിക്ക് ജയിക്കാവുന്നതാണ്.
ഇക്കൊല്ലം മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് അസംബ്ലി തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അടുത്തവർഷം നവംബറോടെ ബി.ജെ.പിക്ക് രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കും. അതോടെ ഒന്നാം മോദി സർക്കാരിന് സാധിക്കാതിരുന്ന പല നിർണായക നീക്കങ്ങളിലേക്കും ബി.ജെ.പി നീങ്ങുമെന്നാണ് സൂചന.
രാജ്യസഭയിലെ അംഗബലം 245
എൻ.ഡി.എ- 102
( ബി.ജെ.പി 73, എ. ഡി.എം.കെ 13, ജെ.ഡി.യു 6, ശിവസേന 3, അകാലിദൾ 3, ആർ.പി.ഐ– 1, മറ്റുള്ളവർ 3)
യു.പി.എ- 65
( കോൺഗ്രസ് 50, ആർ.ജെ.ഡി 5, എൻ.സി.പി 4, ഡി.എം.കെ 4, ജെ.ഡി.എസ് 1, മുസ്!*!ലിം ലീഗ് 1)
മറ്റുള്ളവർ- 73
(എസ്.പി - 13, തൃണമൂൽ – 13, ബി.ജെ.ഡി -9, ടി.ആർ.എസ് -6, ടി.ഡി.പി -6, സി.പി.എം -5, ബി.എസ്.പി -4, എ.എ.പി -3, സി.പി.ഐ -2, വൈ.എസ്.ആർ.സി.പി -2, പി.ഡി.പി -2, മറ്റുള്ളവർ 8
രണ്ട് മുൻ പ്രധാനമന്ത്രിമാരില്ല
മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ എന്നിവരെ പാർലമെന്റിന് നഷ്ടമായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയമാണു ദേവഗൗഡയ്ക്ക് വില്ലനായത്. കാലാവധി തീരുന്നതാണു മൻമോഹന് തടസം. അസമിൽനിന്നുള്ള രാജ്യസഭാംഗമായ മൻമോഹനെ തുടർന്നും അവിടെനിന്നയയ്‌ക്കാൻ കോൺഗ്രസിനു സാധിക്കില്ല.