bjp

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലെ മൂന്ന് തൃണമൂൽ എം.എൽ.എമാരടക്കം നിരവധി നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. 2021ൽ സംസ്ഥാനത്ത് സർക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊൽക്കത്തയിൽ എത്തിയപ്പോൾ 40ഓളം എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് എം.എൽ.എമാർ, 16 മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പടെയുള്ള നേതാക്കളാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർ‌ന്നത്. ഇവരിൽ ബി.ജെ.പി നേതാവ് മുകുൾ റോയിയുടെ മകനായ സുബ്രാൻഷു റോയും ഉൾപ്പെടും. സുബ്രാൻഷു റോയിയെ നേരത്തെ തൃണമൂലിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, മൂന്ന് തൃണമൂൽ കോൺഗ്രസ്, രണ്ട് കോൺഗ്രസ്, ഒരു സി.പി.എം എം.എൽ.എമാർ അടുത്ത ദിവസങ്ങളിൽ തന്നെ പാർട്ടി വിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി എം.എൽ.എമാർ ഡൽഹിയിലെത്തി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയെന്നും വിവരമുണ്ടായിരുന്നു. അടുത്തിടെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വൻ മുന്നേറ്റത്തിനാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്. 42 സീറ്റിൽ 18 എണ്ണവും ബി.ജെ.പി സ്വന്തമാക്കിയപ്പോൾ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന് 22 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി നേടിയ വിജയമാണ് തങ്ങളെ ആകർഷിച്ചതെന്ന് പശ്ചിമ ബംഗാളിലെ ഖാരിഫയിലെ കൗൺസിലറായ റൂബി ചാറ്റർജി പറഞ്ഞു. സസ്പെൻഷനിലുള്ള തൃണമൂൽ കോൺഗ്രസ് എം.എൽ.എ സുബ്രാൻഷു റോയ്, താൻ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ബി.ജെ.പിയിൽ ചേരുമെന്ന് നേരത്ത വ്യക്തമാക്കിയിരുന്നു. സസ്പെൻഷൻ ലഭിച്ചപ്പോൾ പിതാവിന്റെ പാത പിന്തുടർന്ന് താൻ ബി.ജെ.പിയിൽ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 17ശതമാനം വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 40.5 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിച്ചു.