കൊച്ചി: സ്‌മാർട് സിറ്രി കൊച്ചി പദ്ധതിയുടെ മൂന്നു മുതൽ അഞ്ചുവരെ ഘട്ട വികസനത്തിനായി 4,000 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടും. സംസ്ഥാന സർക്കാരിന്റെയും ദുബായ് ഹോൾഡിംഗിന്റെയും സംയുക്ത സംരംഭമായ സ്‌മാർട് സിറ്രി കൊച്ചിയുടെ അടിസ്ഥാന നിക്ഷേപം 1,700 കോടി രൂപയാണ്. ഇതുവരെ സ്‌മാർട് സിറ്റിയുടെ വികസനത്തിനായി നിക്ഷേപിച്ചിട്ടുള്ള തുക 2,600 കോടി രൂപയാണ്.
സ്‌മാർട് സിറ്റി കൊച്ചിയുടെ വികസനത്തിൽ പ്രതീക്ഷിക്കുന്ന മൊത്തം നിക്ഷേപ സാദ്ധ്യത 9,000 കോടി രൂപയാണെന്ന് സി.ഇ.ഒ മനോജ് നായർ പറഞ്ഞു. ഐ.ടി ബിസിനസ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ 2,200 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. പാർപ്പിട പ്ളോട്ടുകൾ, ടൗൺഷിപ്പ് മേഖലയിൽ അടിസ്ഥാന സൗകര്യം എന്നിവയുടെ വികസനമാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ട വികസനത്തിൽ 30 ഏക്കറിലായി പാർപ്പിടം, കായികം, വിനോദം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കും.
നാലും അഞ്ചുംഘട്ട അടിസ്ഥാന സൗകര്യവികസനത്തിന് 200 കോടി രൂപയുടെ പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഇതു പൂർത്തിയാകുമ്പോൾ പാർപ്പിട, സാമൂഹിക സൗകര്യ ആവശ്യങ്ങൾക്കായി 45 ഏക്കർ പ്ലോട്ടും ലഭ്യമാക്കും. മൂന്നു മുതൽ അഞ്ചുവരെ ഘട്ടങ്ങൾ നിക്ഷേപകർക്കായി തുറന്നു നൽകുമ്പോൾ മൊത്തം 4,000 കോടി രൂപയുടെ നിക്ഷേപം സ്‌മാർട് സിറ്രിയിലേക്ക് എത്തും. ടൗൺഷിപ്പിൽ മേഖലയിൽ 102 കോടി രൂപ നിക്ഷേപവുമായി ജെംസ് മോഡേൺ അക്കാഡമി പ്രവർത്തനം തുടങ്ങി. അക്കാഡമി പ്രവർത്തനങ്ങൾക്ക് പുറമേ ഇവിടെ കായികാവശ്യത്തിനുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും ഒരുക്കും.
പാർപ്പിട വികസനത്തിന് ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ കമ്പനി താത്പര്യം അറിയിച്ചിട്ടുണ്ട്. ഫ്രീഹോൾഡ് വ്യവസ്ഥയിൽ 15.5 ഏക്കറിൽ 1,200 കോടി രൂപയുടെ പാർപ്പിട പദ്ധതിയാണ് കമ്പനിക്ക് താത്പര്യം. ഇതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടും. നിർമ്മാണം ഈവർഷം തന്നെ തുടങ്ങുകയാണ് ലക്ഷ്യം. മറ്റ് അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ 2020 അവസാനമേ തുടങ്ങൂ. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, പ്രസ്‌റ്റീജ് ഗ്രൂപ്പ്, മാരാട്ട് ഗ്രൂപ്പ്, ഹോളിഡേ ഗ്രൂപ്പ്, ഷുൾട് ഗ്രൂപ്പ് എന്നിവയാണ് ഐ.ടി ബിസിനസ് അടിസ്ഥാന സൗകര്യ പദ്ധതിയിൽ സ്‌മാർട് സിറ്രി കൊച്ചിയുടെ വികസന പങ്കാളികൾ.
പുതിയ മാസ്‌റ്രർ പ്ളാൻ
സ്‌മാർട് സിറ്റി കൊച്ചി പദ്ധതിയുടെ മാസ്‌റ്റർ പ്ളാൻ പുതുക്കിയിട്ടുണ്ട്. ഇതനുസരിച്ച്, വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനവും ആരംഭിച്ചു. പങ്കാളിത്ത വികസന പ്രവർത്തനങ്ങൾ സുഗമമാക്കാൻ യൂട്ടിലിറ്റി സർവീസ് ട്രെഞ്ചുകളോടെ ഏഴ് കിലോമീറ്ററിൽ നാലുവരിപ്പാത നിർമ്മിച്ചു. 33 കെ.വി സബ്‌സ്‌റ്രേഷനുകൾ, ജലസംഭരണത്തിനും വിതരണത്തിനും സൗകര്യം, ലാൻഡ്സ്‌കേപ്പിംഗ് എന്നിവയും ഒരുക്കി. ജലശുദ്ധീകരണ പ്ളാന്റിന്റെ നിർമ്മാണവും തുടങ്ങി.