ന്യൂഡൽഹി: ചരിത്രജയത്തോടെ രണ്ടാംതവണ അധികാരമേൽക്കുമ്പോഴും ബി.ജെ.പി വേരുപിടിക്കാത്ത കേരളം ഉൾപ്പെടെയുള്ള അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിടിച്ചടക്കാൻ ആർ.എസ്.എസ് പിന്തുണയോടെ മിഷൻ 333 പദ്ധതിക്ക് പാർട്ടി ഒരുക്കങ്ങൾ തുടങ്ങി. ഇത്തവണത്തെ 303 സീറ്റുകൾക്കു പുറമേ 2024-ലെ തിരഞ്ഞെടുപ്പിൽ 30 സീറ്റുകൾ കൂടി പിടിച്ച് ലോക്‌സഭയിലെ അംഗബലം 333 ആക്കി ഇന്ത്യ പൂർണമായും കീഴടക്കുകയാണ് ലക്ഷ്യം.
കർണാടകത്തിൽ 28സീറ്റിൽ 25 എണ്ണം നേടി ആധിപത്യം സ്ഥാപിച്ച ബി.ജെ.പിക്ക് തെലുങ്കാനയിൽ നാലു സീറ്റ് നേടാനായെങ്കിലും ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ഒരു സീറ്റിലും ജയിക്കാനായില്ല. ബംഗാളിലാകട്ടെ, കഴിഞ്ഞ തവണത്തെ രണ്ടു സീറ്റിൽ നിന്ന് ഇക്കുറി 18 സീറ്റിലേക്കാണ് ബി.ജെ.പി പന്തലിച്ചത്. അഞ്ചു വർഷംകൊണ്ട് ബംഗാളിൽ ഭരണത്തിലേറുന്നതിനൊപ്പം തെലുങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ കാര്യമായ മുന്നേറ്റമാണ് ഉന്നം. ഈ തെക്കൻ തേരോട്ടത്തിന്റെ മുന്നോടിയായിരുന്നു ഇന്നലെ ആലപ്പുഴയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം. ദക്ഷിണ സംസ്ഥാനങ്ങളിലെ പ്രാരംഭ പ്രവർത്തനങ്ങളുടെ ആദ്യ യോഗം കേരളത്തിൽ സംഘടിപ്പിച്ചത് സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ വർദ്ധിച്ചത് പരിഗണിച്ചാണ്. ഒപ്പം, ശബരിമല വിഷയത്തിൽ പ്രതീക്ഷിച്ച നേട്ടം വഴിമാറി യു.ഡി.എഫിലേക്ക് ഒഴുകിയതിനു പിന്നിലെ പാളിച്ച വിലയിരുത്തി, അത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കുന്നത് ചർച്ച ചെയ്യാനുമായിരുന്നു.
ഹിന്ദി പ്രതിഛായ മാറ്റും
ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ, ആദ്യം ഹിന്ദി ഹൃദയഭൂമിയിലെ പാർട്ടിയെന്ന പ്രതിച്ഛായ മാറ്റാനാവും ആദ്യശ്രമം. ഹിന്ദി ഹൃദയഭൂമിയിലെ പാർട്ടിയെന്ന് വിശേഷിപ്പിക്കുന്നതിനെ കഴിഞ്ഞ ദിവസം വാരണാസിയിൽ നരേന്ദ്രമോദി വിമർശിച്ചിരുന്നു. കർണാടകത്തിൽ സ്വാധീനമുറപ്പിച്ചിട്ടും ഗോവയിൽ ഭരണത്തിലിരുന്നിട്ടും ഇപ്പോഴും ബി.ജെ.പിയെ ഹിന്ദിക്കാരുടെ പാർട്ടിയെന്ന് ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും, ഈ മിഥ്യാധാരണ മാറ്റണമെന്നും മോദി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ്, തെക്കൻദേശം പിടിക്കാനുള്ള ദൗത്യം.
സുനിൽ ദേവ്‌ധർ ഭാഷകൾ പഠിക്കുന്നു
ആന്ധ്രയുടെയും ത്രിപുരയുടെയും ചുമതലയുള്ള ദേശീയ സെക്രട്ടറി സുനിൽ ദേവ്ധർ ആണ് മിഷൻ 333ന്റെ അമരക്കാരൻ. ആദ്യപടിയായി അഞ്ചു സംസ്ഥാനങ്ങളിലും ബൂത്ത് തലത്തിൽ പ്രചാരകരെ നിയമിച്ച് പ്രാഥമിക തലം മുതൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുമെന്ന്, ആർ.എസ്.എസ് വഴി ബി.ജെ.പി നേതൃനിരയിലെത്തിയ ദേവ്‌ധർ ഇന്നലെ ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആർ.എസ്.എസിന് രാജ്യത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള കേരളത്തിൽ,സംഘടനയുടെ സ്വാധീനം പ്രയോജനപ്പെടുത്തി അടിത്തട്ടു മുതൽ ബി.ജെ.പിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഓരോ സംസ്ഥാനത്തും ശ്രദ്ധിക്കേണ്ട വിഷയങ്ങളും മേഖലകളും ആർ.എസ്.എസിന്റെ കൂടി സഹായത്തോടെ കണ്ടെത്തി, തന്ത്രങ്ങൾ സ്വീകരിക്കും. ബംഗാളി ഭാഷ പഠിച്ച ദേവ്‌ധർ മിഷൻ 333-ന്റെ ചുമതല ലഭിച്ചതോടെ തെലുങ്ക് ഹൃദിസ്ഥമാക്കുന്ന തിരക്കിലാണ്. വൈകാതെ തമിഴും മലയാളവും പഠിക്കും.