കൽക്കത്ത: സിനിമാതാരങ്ങളും ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എം.പിമാരുമായ മിമി ചക്രബർത്തിയെയും നുസ്രത്ത് ജഹാനെയും പരിഹസിച്ച് സംവിധായകൻ രാം ഗോപാൽ വർമ.
‘വൗ വൗ വൗ.. ബംഗാളിലെ പുതിയ എം.പിമാർ... മിമി ചക്രബർത്തിയും നുസ്രത്ത് ജഹാനും. കാണാൻ ഭംഗിയുള്ള എം.പിമാരെ കാണുന്നതിൽ ആശ്വാസം. ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്.’- മിമിയും നുസ്രത്തും ഒന്നിച്ച് നൃത്തം ചെയ്യുന്ന ടിക് ടോക് വീഡിയോ ഷെയർ ചെയ്ത് ആർ.ജി.വി ട്വീറ്റ് ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വ്യക്തികളാണ് ഇരുവരും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ കടുത്ത ലൈംഗിക അധിക്ഷേപങ്ങളാണ് ഇരുവരും നേരിട്ടത്. മിമിയും നുസ്രത്ത് ജഹാനും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പോസ്‌റ്റ് ചെയ്തു കൊണ്ട് ‘നിങ്ങൾ മേൽവസ്ത്രം ഊരി നൃത്തം ചെയ്‌താലും ഞങ്ങൾ വോട്ട് ചെയ്യില്ലെന്നാണ്’ സമൂഹമാദ്ധ്യമങ്ങളിൽ എതിരാളികൾ കുറിച്ചിട്ടത്.
സൽവാർ ധരിച്ച് പ്രചാരണത്തിനെത്തിയ മിമിക്ക് വൻ അധിക്ഷേപമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നു നേരിടേണ്ടി വന്നത്. പിന്നീടങ്ങോട്ട് ജീൻസ് ധരിച്ചായി പ്രചാരണം.
തൃണമൂലിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ജാദവ്പുരിൽ നിന്നും ബസീർഹട്ടിൽ നിന്നുമാണ് യഥാക്രമം ഇരുവരും മത്സരിച്ചത്. ജാദവ്പുരിൽ നിന്ന് 2.95 ലക്ഷം വോട്ടുകൾക്കായിരുന്നു മിമിയുടെ ജയം. ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്ക് നുസ്രത്ത് ജഹാന്റെ ആധികാരിക ജയം. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് നുസ്രത്ത് ജഹാൻ. മിമി അഞ്ചാമത്തെയും.