കൊച്ചി: പ്രമുഖ ഗാർമെന്റ് ബ്രാൻഡും വി-ഗാർഡ് ഗ്രൂപ്പ് പ്രമോട്ടർമാരുടെ സംരംഭവുമായ വി-സ്റ്റാറിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ നിയമിതനായി. ഈ സീസണിൽ വി-സ്റ്റാറിന്റെ മെൻസ്വെയർ ഫാഷൻ ശ്രേണികളുടെ പ്രചാരണ പ്രവർത്തനത്തിൽ ധവാൻ ഭാഗമായിരിക്കും. മികവുറ്റ ഓപ്പണിംഗ് ബാറ്റിംഗ് പ്രകടനവുമായി ലോകമെങ്ങും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ധവാന്റെ സാന്നിദ്ധ്യം മികവും പുതുമകളും തേടിയുള്ള വി-സ്റ്റാറിന്റെ പ്രയാണത്തിന് കരുത്താകുമെന്ന് വി-സ്റ്റാർ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്രിന്റെ ആവേശച്ചൂട് നിറഞ്ഞുനിൽക്കുന്ന ഈ വേളയിൽ ശിഖർ ധവാന്റെ സാന്നിദ്ധ്യം വി-സ്റ്രാറിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുമെന്ന് വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്രിലപ്പിള്ളി പറഞ്ഞു. ദക്ഷിണേന്ത്യയിലെയും ഗൾഫിലെയും ഏറ്റവും സ്വീകാര്യതയുള്ള ഇന്നർവെയർ ബ്രാൻഡാണ് വി-സ്റ്റാർ. ഏറ്റവും ഫിറ്റ് ആയ താരത്തെ തിരഞ്ഞെടുക്കുകയായിരുന്നു ലക്ഷ്യമെന്നും ശിഖർ ധവാനായിരുന്നു ഏക ചോയിസ് എന്നും വി-ഗാർഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്രിലപ്പിള്ളി പറഞ്ഞു.