payal-sadvi

മുംബയ്: ബി.വൈ.എൽ നായർ ആശുപത്രിയിലെ ഡോക്ടറായ പായൽ താദ്വിയുടെ മരണവുമായി ബന്ധപ്പെട്ട് പായലിന്റെ സീനിയർ ആയിരുന്ന ഡോക്ടർ ഭക്തി മെഹറെയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. ഭക്തിയുടേയും മറ്റ് രണ്ട് ലേഡി ഡോക്ടർമാരുടെയും മാനസിക പീഡനത്തെ തുടർന്നാണ് പായൽ ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഭക്തി, ഡോക്ടർമാരായ അങ്കിത ഖണ്ഡേൽവാൾ, ഹേമ അഹൂജ എന്നിവർ ഏറെ നാളുകളായി പായലിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നു.

പായലിന്റെ ജാതി പറഞ്ഞാണ് ഇവർ അധിക്ഷേപിച്ചിരുന്നത്. മുസ്ലിം ആദിവാസി വിഭാഗമായ ഭിൽ സമുദായത്തിൽ പെട്ടയാളാണ് പായൽ താദ്വി. സംവരണത്തിലൂടെയാണ് താദ്വി ഡോക്ടറായതെന്നും ആ ഉദ്യോഗത്തിൽ തുടരാൻ അവർ യോഗ്യയല്ലെന്നും ആരോപിച്ചായിരുന്നു ഡോക്ടർമാരുടെ പീഢനം. തന്നെ തന്റെ സീനിയേഴ്സ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് പായൽ അമ്മയോട് പരാതി പറയാറുണ്ടായിരുന്നു. ആശുപത്രി അധികൃതരോടും പായൽ ഇക്കാര്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയും അവർ സ്വീകരിച്ചിരുന്നില്ല.

പായൽ മരണപെട്ടതിനെ തുടർന്ന് അമ്മ അദെബ താദ്വിയും ഭർത്താവ് സൽമാൻ താദ്വിയും ആശുപത്രിക്ക് മുന്നിൽ സമരം ഇരുന്നിരുന്നു. വാട്സ്ആപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയകൾ വഴിയും ഭക്തിയും കൂട്ടാളികളും പായലിനെ അധിക്ഷേപിച്ചിരുന്നുവെന്ന് ഭർത്താവ് പറയുന്നു. ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ പോയിവന്ന ശേഷം പായലിന്റെ കിടക്കയിൽ കാൽ തുടക്കുക, പരസ്യമായി ജാതി പറഞ്ഞ് അധിക്ഷേപിക്കുക എന്നിങ്ങനെയാണ് സീനിയേഴ്സ് പായലിന് മാനസിക ആഘാതം ഏൽപ്പിച്ചിരുന്നത്.

എന്നാൽ ഇത്തരത്തിൽ ജാതി അടിസ്ഥാനമാക്കിയുള്ള പീഡനങ്ങളൊന്നും ആശുപത്രികളിൽ നടക്കുന്നില്ല എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നത്. തങ്ങൾക്ക് ഇത്തരത്തിൽ യാതൊരു പരാതികളും ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു. മെയ് 22നാണ് പായൽ താദ്വി ആത്മഹത്യ ചെയ്തത്. 26 വയസ്സായിരുന്നു.