തിരുവനന്തപുരം: മിസോറാം മുൻ ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിയാകാൻ സാദ്ധ്യത. മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രനേതാക്കൾ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. കുമ്മനത്തിന് നൽകാൻ സാദ്ധ്യതയുള്ള വകുപ്പുകളെ കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തി.
സംസ്ഥാന നേതാക്കളുമായി ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് കെെക്കൊള്ളുക. പരിസ്ഥിതി അടക്കമുള്ള വകുപ്പുകൾ കുമ്മനത്തിന് നൽകാനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നേരത്തെ അൽഫോൺസ് കണ്ണന്താനത്തെയും വി. മുരളീധരനെയും കേന്ദ്രനേതൃത്വം പരിഗണിച്ചിരുന്നു. ഇപ്പോൾ കുമ്മനത്തെ കൂടാതെ ഒരാളെ കൂടി കേരളത്തിൽ നിന്ന് പരിഗണിക്കുമെന്നാണ് ചർച്ച ചെയ്യുന്നത്. സുരേഷ്ഗോപിയുടേയും വി.മുരളീധരന്റെയും പേരുകളാണ് പരിഗണിക്കുന്നത്.
സുരേഷ് ഗോപിക്ക് തൃശൂരിൽ നിന്ന് ലഭിച്ച് വോട്ടുകളാണ് അദ്ദേഹത്തെ പരിഗണിക്കാൻ കാരണം. 2,93,822 വോട്ടാണ് അദ്ദേഹം അവിടെ നിന്നും നേടിയത്. നിലവിൽ സുരേഷ്ഗോപിയും വി.മുരളീധരനും രാജ്യസഭ എം.പിമാരാണ്. കേരളത്തിലെ നേതാക്കൾക്ക് നിന്ന് മന്ത്രിപദം നൽകിയാൽ അത് പാർട്ടിക്ക് ഗുണകരമാകുമെന്ന് നേതൃത്വത്തിന്റെ കണക്കുകൂട്ടുന്നത്.
കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് വി. മുരളീധരനെ മന്ത്രിയാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അൽഫോൺസ് കണ്ണാന്താനത്തെയാണ് അന്ന് പരിഗണിച്ചത്. ഇപ്രാവശ്യം കണ്ണാന്താനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.