alpesh-

അഹമ്മദാബാദ് : ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗുജറാത്തിലെ പതിനഞ്ചിലധികം കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിടുമെന്ന് അൽപേഷ് ഠാക്കൂർ. എം.എൽ.എ കൂടിയായ അൽപേഷ് ഠാക്കൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്.

കോൺഗ്രസിന് നേതാക്കളില്ലെന്നും ഈ നിലയിൽ തുടരുകയാണെങ്കിൽ അടുത്ത 10 വർഷം അധികാരത്തിലേക്ക് തിരിച്ചെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ ജനങ്ങൾ പാവപ്പെട്ടവരും പിന്നാക്കക്കാരുമാണ്. അവർക്ക് സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. ഞാൻ ഉദ്ദേശിച്ചത് എന്റെ ജനത്തിന് വേണ്ടി നൽകാൻ സാധിക്കാത്തതിൽ അസ്വസ്ഥനായിരുന്നു. കോൺഗ്രസിന്റെ 15 ലധികം എം.എൽ.എമാർ ഉടൻ പാർട്ടി വിടും. കാത്തിരുന്നത് കാണാം' അൽപേഷ് പറഞ്ഞു.

മോദിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ട്. രാഹുൽ ഗാന്ധിയുമായും നല്ല ബന്ധമുണ്ട്. രാഹുലിനെയും മോദിയെയും താരതമ്യം ചെയ്യാനാവില്ല. - അൽപേഷ് പറഞ്ഞു. അതേസമയം, 15 കോൺഗ്രസ് എം.എൽ.എമാർ കോൺഗ്രസ് വിടുന്നതിന് ചുക്കാൻ പിടിച്ചത് അൽപേഷ് ഠാക്കൂറാണെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഇവർ ബി.ജെ.പിയിലേക്ക് ചേരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ ദിവസം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലുമായി അൽപേഷ് ഠാക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അൽപേഷ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന.