bjp-bangal

കൊൽക്കത്ത: ബംഗാളിൽ മമതയുടെ സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി നീക്കം ശക്തമാക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും അമ്പത് കൗൺസിലർമാരും തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഇവർക്കൊപ്പം ഒരു സി.പി.എം എം.എൽ.എയും മറുകണ്ടം ചാടിയിട്ടുണ്ട്. ബംഗാളിൽ സി.പി.എമ്മിന് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല.

ശുഭ്രാംശു റോയി, തുഷാർകാന്തി ഭട്ടാചാര്യ എന്നിവരാണ് മമതയെ കൈവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ദേബേന്ദ്ര റോയി ആണ് സി.പി.എമ്മിൽ നിന്ന് പുറത്തുചാടിയ സാമാജികൻ. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി കൈലാഷ് വിജയവർഗീയയും ബംഗാളിലെ ബി.ജെ.പി. നേതാവ് മുകുൾ റോയിയും ചേർന്ന് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ബംഗാളിൽ ഏഴു ഘട്ടങ്ങളായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നതു പോലെ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിലേക്കുള്ള വരവും ഏഴു ഘട്ടങ്ങളായി നടക്കുമെന്നും, ഇത് ഒന്നാംഘട്ടം മാത്രമാണെന്നും കൈലാഷ് വിജയവർഗീയ പറഞ്ഞു. മമതയുടെ പക്ഷത്തു നിന്ന് കൂടുതൽ നേതാക്കൾ വരുംദിവസങ്ങളിൽ ബി.ജെ.പിയിലേക്കു മാറുമെന്ന് സൂചനയുണ്ട്.