chunchu-nair-cat

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ഒരു പൂച്ചയുടെ ട്രോളുകളാണ് ചർച്ച ചെയ്യപ്പെട്ടിരുന്നത്. ഒരു പൂച്ചയുടെ പേരിൽ ജാതിപ്പേര് വച്ച് പത്രത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിനെതിരെയാണ് ട്രോളുകൾ നിറഞ്ഞത്. എന്നാൽ പരിഹാസം നിറഞ്ഞ ട്രോളുകൾ അതിർവരമ്പുകൾ ലംഘിച്ചതോടെ പൂച്ചയുടെ ഉടമസ്ഥൻ അതിനെതിരെ രംഗത്ത് വരികയായിരുന്നു.

ചുഞ്ചു പൂച്ചയെ ഞങ്ങളുടെ കുടുംബം വളരെയധികം സ്നേഹിച്ചിരുന്നെന്നും അവളെ മൂന്നാമത്തെ മകളായിട്ടാണ് കണ്ടിരുന്നതെന്നും പൂച്ചയുടെ ഉടമസ്ഥൻ പറയുന്നു. 'ഈ ട്രോൾ ഇറക്കുന്നവർക്കും പരിഹാസം ചൊരിയുന്നവർക്കും അവൾ ഞങ്ങൾക്ക് ആരായിരുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ മകളായിരുന്നു ചു‍ഞ്ചു. എനിക്ക് രണ്ട് മക്കളുണ്ട്, മൂന്നാമത്തെ മകളായിട്ടാണ് അവളെ ഞങ്ങൾ വളർത്തിയത്. അത്രയേറെ സ്നേഹിച്ചും ലാളിച്ചും വളർത്തിയ പൂച്ചയുടെ മരണം ഞങ്ങളെ ഏറെ വേദനിപ്പിച്ചു. 18 വർഷമാണ് വീട്ടിലെ ഒരു അംഗമായി അവൾ ഒപ്പം കഴിഞ്ഞത്'. വീട്ടിലെ പ്രിയപ്പെട്ടവരുടെ മരണവാർഷികത്തിന് ഓർമപുതുക്കാനായി പരസ്യം നൽകുന്നത് സ്വാഭാവികമാണെന്നും അവർ വ്യക്തമാക്കി.

'എന്നാൽ സോഷ്യൽ മീഡിയയിലൂടെ വളരെ മോശമായിട്ടാണ് ട്രോളുകൾ വന്നത്. തരംതാണ രീതികൾക്കതിരെ പ്രതികരിക്കാൻ ഞങ്ങളില്ല,​ ഒരു കുട്ടിയെ ദത്തെടുത്ത് കഴിഞ്ഞാൽ അതിന്റെ പേരിന് പിന്നിൽ കുടുംബ പേരോ, ജാതിയോ മാതാപിതാക്കളുടെ പേരോ നൽകാറില്ലേ? കേരളത്തിലുള്ളവർ മൃഗങ്ങളോട് കാണിക്കുന്ന സമീപനം കൂടിയാണ് ഇപ്പോൾ തെളിഞ്ഞത്. ഒരു അരുമ മൃഗത്തോട് ഇങ്ങനെയാണ് കാണിക്കുന്നതെങ്കിൽ ഒരു മനുഷ്യന്റെ കാര്യം പറയേണ്ടല്ലോ?'. സോഷ്യൽ മീഡിയയിൽ വന്ന ട്രോളുകൾ ഞങ്ങളുടെ കുടുംബത്തെ വേദനിപ്പിച്ചെന്നും അവർ പറഞ്ഞു.