wedding-books

കൊൽക്കത്ത: വിവാഹജീവിതത്തിൽ സ്ത്രീധനം എന്ന ഏർപ്പാട് സൃഷ്ടിക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. സ്ത്രീധനപീഡനം, തുടർന്നുള്ള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വാർത്തകൾക്ക് ഈ കാലത്തും ഒരു കുറവും സംഭവിച്ചതായി കാണുന്നുമില്ല. അങ്ങനെ ഒരു സമയത്താണ് വ്യത്യസ്തമായി "സ്ത്രീധനം" വാങ്ങിയ സൂര്യകാന്ത് ബാരിക്കിന്റെ കഥ മാദ്ധ്യമങ്ങളിൽ നിറയുന്നത്. ബംഗാളിലാണ് സംഭവം. എന്നാൽ സ്വർണ്ണവും പണവുമൊന്നുമല്ല ബാരിക്ക് സ്ത്രീധനമായി കൈപ്പറ്റിയത്. പുസ്തകങ്ങളാണ്. ഒന്നും രണ്ടുമല്ല. 1000 പുസ്തകങ്ങൾ, അതും വധു പ്രിയങ്ക ബേജുവിന്റെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി.

സ്ത്രീധനം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവാനായിരുന്ന ബാരിക്ക് തനിക്ക് സ്ത്രീധനം നൽകരുതെന്നും അത് നിയമവിരുദ്ധമാണെന്നും ആദ്യം തന്നെ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. ഇത് സമ്മതിച്ച പ്രിയങ്കയുടെ വീട്ടുകാർ വിവാഹദിവസമാണ് 1000 പുസ്തകങ്ങളുമായി സൂര്യകാന്തിനെ അത്ഭുതപ്പെടുത്തിയത്. വിവാഹവേദിയിലാണ് സൂര്യകാന്തിന്റെ സമ്മാനവുമായി പ്രിയങ്കയും വീട്ടുകാരും കാത്തിരുന്നത്.

"സ്ത്രീധനം നൽകരുതെന്നും അത് സ്വീകരിക്കില്ലെന്നും നേരത്തെ തന്നെ ഞാൻ വീട്ടുകാരെ അറിയിച്ചിരുന്നു. വിവാഹത്തിനെത്തിയപ്പോഴാണ് പുസ്തകങ്ങളുടെ വലിയ കെട്ടുകൾ എനിക്കായി വിവാഹവേദിയിൽ കാത്തിരിക്കുന്നത് കണ്ടത്. ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.' സൂര്യകാന്ത് പറയുന്നു

വരൻ സ്വീകരിച്ച നല്ല നിലപാടാണ് ഇങ്ങനെയൊരു സമ്മാനം നൽകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രിയങ്കയുടെ മാതാപിതാക്കൾ പറഞ്ഞു. പ്രിയങ്കയും ഭർത്താവ് സൂര്യകാന്തും കടുത്ത പുസ്തക പുഴുക്കളാണ്. ഒരു ലക്ഷം രൂപയാണ് പുസ്തകങ്ങൾക്കെല്ലാം കൂടി ചിലവായത്.

"സ്ത്രീധനം എന്ന സമ്പ്രദായത്തോട് എനിക്ക് പണ്ടേ കടുത്ത എതിർപ്പാണ്. എന്റെ ഈ നിലപാടിനെക്കുറിച്ച് വീട്ടുകാർക്കും നന്നായി അറിയാം. അങ്ങനെ ചിന്തിക്കുന്ന ഒരു ഭർത്താവിനെ തന്നെയാണ് എനിക്ക് കിട്ടിയതും. കൂടാതെ നമ്മൾ ഇരുവരും വായനയിൽ അതീവ താൽപ്പര്യമുള്ള ആൾക്കാരാണ്. അതുകൊണ്ടാണ് അവർ ഇങ്ങനെയൊരു സമ്മാനം അദ്ദേഹത്തിന് നൽകിയത്." സൂര്യകാന്തിന്റെ ഭാര്യ പ്രിയങ്ക പറയുന്നു.

എന്തായാലും ഇങ്ങനെ വ്യത്യസ്തമായ ഒരു 'സ്ത്രീധനം' നൽകിയ പ്രിയങ്കയുടെ വീട്ടുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും അഭിനന്ദനം ഒഴുകിയെത്തുകയാണ്.