ന്യൂഡൽഹി: ന്യൂഡൽഹി ആസ്ഥാനമായുള്ള പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജനുവരി-മാർച്ച് പാദത്തിൽ 4,750 കോടി രൂപ നഷ്‌ടം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ നഷ്‌ടം 13,417 കോടി രൂപയായിരുന്നു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയിൽ (പ്രൊവിഷൻ) ഉണ്ടായ വർദ്ധനയാണ് ഇക്കുറിയും ബാങ്ക് നഷ്‌ടം രുചിക്കാൻ കാരണം. 2017-18ലെ നാലാംപാദത്തിൽ ബാങ്കിന്റെ നഷ്‌ടം 13,000 കോടി രൂപ കവിയാൻ വഴിയൊരുക്കിയത് നീരവ് മോദി ഉൾപ്പെട്ട വായ്‌പാത്തട്ടിപ്പാണ്.

അതേസമയം, കഴിഞ്ഞപാദത്തിൽ ബാങ്ക് 7,611 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ കുറിച്ചത് 447 കോടി രൂപയുടെ പ്രവർത്തന നഷ്‌ടമായിരുന്നു. മൊത്തം നിഷ്‌ക്രിയ ആസ്‌തി ഡിസംബർ പാദത്തിലെ 18.38 ശതമാനത്തിൽ നിന്ന് 15.50 ശതമാനമായി കുറഞ്ഞത് ബാങ്കിന് ആശ്വാസമാണ്. അറ്റ നിഷ്‌ക്രിയ ആസ്‌തി 8.22 ശതമാനത്തിൽ നിന്ന് 6.56 ശതമാനമായും കുറഞ്ഞു. അറ്റ പലിശ വരുമാനം 3,063.36 കോടി രൂപയിൽ നിന്ന് 4,200 കോടി രൂപയായി വർദ്ധിച്ചത് ബാങ്കിന് നേട്ടമായി. 37 ശതമാനമാണ് വർദ്ധന.