ന്യൂഡൽഹി: പുതിയ ലോക്‌സഭയിലെ 542 അംഗങ്ങളിൽ 475 പേർ കോടീശ്വരന്മാരെന്ന് അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട്. കോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ മൂന്നുപേരുകാരും കോൺഗ്രസുകാരാണ്. മധ്യപ്രദേശിലെ ചിന്ദ്‌വാഢയിൽനിന്നുള്ള നകുൽനാഥും തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നുള്ള എച്ച്. വസന്തകുമാറും കർണാടകത്തിൽനിന്നുള്ള ഡി.കെ. സുരേഷും.

660 കോടി രൂപയിലേറെയാണ് നകുൽനാഥിന്റെ ആസ്തി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകനാണ് നകുൽനാഥ്. 417 കോടിയാണ് വസന്തകുമാറിന്റെ ആസ്തി. ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഡി.കെ. സുരേഷിന് 305 കോടി രൂപയുടെ സ്വത്താണുള്ളത്. കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ് സുരേഷ്. പുതിയ ലോക്‌സഭയിലെ അംഗങ്ങളുടെ ശരാശരി ആസ്തി 20.93 കോടി രൂപയാണ്. എം.പിമാർ നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച കണക്കുകൾ പരിശോധിച്ചാണ് എ.ഡി.ആർ റിപ്പോർട്ട് തയ്യാറാക്കിയത്.

ബി.ജെ.പി.യുടെ 301 എം.പിമാരിൽ 265 (88 ശതമാനം) പേർ കോടീശ്വരൻമാരാണ്. 14.52 കോടി രൂപയാണു ഇവരുടെ ശരാശരി ആസ്തി. കോൺഗ്രസിലെ 51 എം.പിമാരിൽ 43 പേരാണ് കോടീശ്വരന്മാർ. 38.71 കോടിയാണ് ഇവരുടെ ശരാശരി ആസ്തി.

ശിവസേനയുടെ 18 അംഗങ്ങൾക്കും ഒരു കോടി രൂപയിൽ കൂടുതൽ ആസ്തിയുണ്ട്. 23 ഡി.എം.കെ എം.പിമാരിൽ 22 പേരും, 22 തൃണമൂൽ കോൺഗ്രസ് എം.പിമാരിൽ 20 പേരും, 20 വൈ.എസ്.ആർ കോൺഗ്രസ് എം.പിമാരിൽ 19 പേരും ഒരു കോടിയിലധികം രൂപ ആസ്തിയുള്ളവരാണ്.