ന്യൂഡൽഹി: മികച്ച വിജയം നേടി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ ധനമന്ത്രി പദം ഇക്കുറി അരുൺ ജയ്‌റ്ര്‌ലി അലങ്കരിച്ചേക്കില്ല. വൃക്ക സംബന്ധമായ അസുഖത്തിൽ നിന്ന് ഇനിയും മുക്തനായിട്ടില്ലാത്ത ജയ്‌റ്റ്‌ലിക്ക് ഡോക്‌ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. പൊതപ പരിപാടികൾ ഒഴിവാക്കി ഏറെക്കാലമായി വീട്ടിൽ തന്നെയാണ് ജയ്‌റ്ര്‌ലി.

ചികിത്സാർത്ഥം അദ്ദേഹം അമേരിക്കയിൽ പോയ സാഹചര്യത്തിൽ, മോദി സർക്കാരിന്റെ കഴിഞ്ഞ ധന ബഡ്‌ജറ്റ് അവതരിപ്പിച്ചത് റെയിൽവേ മന്ത്രിയായിരുന്ന പീയുഷ് ഗോയലാണ്. മോദിയുടെ രണ്ടാംവരവിൽ പീയുഷ് ഗോയലിന് തന്നെ ധനമന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചനകൾ. അമിത്‌ ഷാ, നിതിൻ ഗഡ്കരി, ജയന്ത് സിൻഹ, നിർമ്മലാ സീതാരാമൻ എന്നിവരുടെ പേരുകളും ധനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിട്ടുങ്കെങ്കിലും കൂടുതൽ സാദ്ധ്യത കല്‌പിക്കുന്നത് പീയുഷ് ഗോയലിനാണ്.

ബി.ജെ.പിയിൽ മോദി കഴിഞ്ഞാൽ ഏറ്രവും ഉന്നതനായ അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചേക്കും. നേരത്തേ ഗതാഗത വകുപ്പ് കൈകാര്യം ചെയ്‌ത ഗഡ്‌കരിക്ക് ഇക്കുറി മറ്രേതെങ്കിലും ഉയർന്ന വകുപ്പിന് സാദ്ധ്യതയുണ്ട്. നിർമ്മല സീതാരാമനെ പ്രതിരോധ മന്ത്രിസ്ഥാനത്ത് നിലനിറുത്താനാണ് മോദിക്ക് താത്പര്യമെന്ന് സൂചനയുണ്ട്. പീയുഷ് ഗോയൽ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ സേവനമേഖലയിൽ പ്രവർത്തന പരിചയമുള്ള വ്യക്തിയുമാണ്. ഇത് ധനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിനുള്ള അനുകൂല ഘടകവുമാണ്. ജയ്‌റ്ര്‌ലിയുടെ അഭാവത്തിൽ കഴിഞ്ഞ ബഡ്‌ജറ്റ് മികവുറ്റതാക്കി ഗോയൽ കൈയടി നേടിയിരുന്നു.

വെല്ലുവിളികൾ ശക്തം

 കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്ര മോദി സർക്കാർ ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങിയത് ധനനയത്തിന്റെ പേരിലാണ്. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി എന്നിവയെല്ലാം അദ്ദേഹത്തിന് തിരിച്ചടിയായി. ജയ്‌റ്ര്‌ലിക്ക് വീണ്ടും ധനമന്ത്രിസ്ഥാനം നൽകാതിരിക്കുന്നതിന് ഇതും ഒരു കാരണമാണ്.

 തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയത ഉയർത്തിപ്പിടിച്ചാണ് വിമർശനങ്ങളെ മോദിക്ക് നേരിടേണ്ടി വന്നത്.

 തളരുന്ന ജി.ഡി.പി വളർച്ചയാണ് മോദിക്ക് മുന്നിലുള്ള മറ്രൊരു വെല്ലുവിളി.

 കഴിഞ്ഞ മാർച്ച് പാദത്തിൽ വളർച്ച 6.6 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തൽ. 2018-19ലെ വളർച്ച ഏഴ് ശതമാനത്തിൽ നിന്ന് 6.9 ശതമാനത്തിലേക്കും കുറയുമെന്നും കരുതുന്നു.

 സമ്പദ്‌വളർച്ചയെ നേട്ടത്തിന്റെ ട്രാക്കിലേറ്റുക, ജി.എസ്.ടിയുടെ ആശയക്കുഴപ്പം ഒഴിവാക്കുക എന്നിവയാണ് പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികൾ.