ലാഹോർ: വ്യാഴാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിഞ്ജാ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതിൽ പ്രതികരിച്ച് പാകിസ്ഥാൻ. പാകിസ്ഥാനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് കാര്യമാക്കുന്നില്ലെന്നും ലോക്സഭാ തിരഞ്ഞടുപ്പിന്റെ പ്രചാരണ വേളയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച മോദിക്ക് പെട്ടെന്ന് ആ നിലപാടിൽ മാറ്റം വരുത്താൻ ആകില്ലെന്ന് തങ്ങൾക്കറിയാമെന്നുമാണ് പാകിസ്ഥാൻ പ്രതികരിച്ചത്.
"ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് പാകിസ്ഥാനെ ആക്രമിക്കുന്നതിൽ ആയിരുന്നു നരേന്ദ്ര മോദി ശ്രദ്ധ ചെലുത്തിയിരുന്നത്. അങ്ങനെ സംസാരിച്ച ഒരാൾ പെട്ടെന്ന് നിലപാട് മാറ്റില്ല. അങ്ങനെ പ്രതീഷിക്കുന്നതിൽ യുക്തിയുമില്ല.' പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിക്കുന്നതിലും പ്രധാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി പ്രവർത്തിക്കുന്നതാണെന്നും കശ്മീർ വിഷയം, സിയാച്ചിൻ, സിർ ക്രീക്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നും ഖുറേഷി പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കാനാണ് പാകിസ്ഥാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അത് സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഖുറേഷി വ്യക്തമാക്കി.
പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും നരേന്ദ്ര മോദി എത്തുന്നതിനെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിനന്ദിച്ചതിനെയും ഖുറേഷി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ കൃത്യമായ ആശയവിനിമയമാണ് വേണ്ടത്. സംഭാഷണങ്ങൾ വീണ്ടും ആരംഭിക്കാൻ വഴി കണ്ടെത്തേണ്ടത് ഇന്ത്യയുടേയും ആവശ്യമാണ്. മോദിക്ക് ഇക്കാര്യത്തിൽ പുരോഗമനം വേണമെന്നുണ്ടെങ്കിൽ ഒന്നിച്ചിരുന്ന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
2014ൽ മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയപ്പോൾ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിന് സത്യപ്രതിഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചായിരുന്നു ഈ നീക്കം. മെയ് 30തിനാണ് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുക.