രണ്ടാം സന്നാഹത്തിൽ ഇന്ത്യ 95 റൺസിന് ബംഗ്ലാദേശിനെതിരെ തോൽപ്പിച്ചു
എം.എസ് ധോണിക്കും കെ.എൽ രാഹുലിനും സെഞ്ച്വറി
കുൽദീപിനും ചഹാലിനും മൂന്ന് വിക്കറ്ര് വീതം
കാർഡിഫ്: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് 95 റൺസിന്റെ തകർപ്പൻ ജയം.
ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ എം.എസ്.ധോണിയുടെയും (113), കെ.എൽ.രാഹുലിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 359 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 49.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 264 റൺസിന് ആൾഔട്ടായി. ഇന്ത്യയ്ക്കായി സ്പിന്നർമാരായ യുസ്വേന്ദ്ര ചഹാലും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡിനെതിരായ ആദ്യ സന്നാഹത്തിലെ പോലെ ഇത്തവണയും ഇന്ത്യയുടെ ഓപ്പണിംഗ് തുടക്കത്തിലേ പൊളിഞ്ഞു. ശിഖർ ധവാന്റെ വിക്കറ്രാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മൂന്നാമത്തെ ഓവറിലെ അവസാന പന്തിൽ ധവാനെ മുസ്തഫിസുർ റഹ്മാൻ വിക്കറ്രിന് മുന്നിൽ കുടുക്കുകയായിരുന്നു. 9 പന്ത് നേരിട്ട് 1 റൺസ് മാത്രമാണ് ധവാന് നേടാനായത്. താളം കണ്ടെത്താൻ കഷ്ടപ്പെട്ട രോഹിത് ശർമ്മയുടെ വിക്കറ്റാണ് പിന്നീട് വീണത്. 42 പന്ത് നേരിട്ട് 19 റൺസെടുത്ത രോഹിത് റൂബൽ ഹുസൈന്റെ പന്തിൽ ക്ലീൻബൗൾഡായി മടങ്ങി. നാലാം നമ്പറിൽ എത്തിയത് കെ.എൽ.രാഹുലായിരുന്നു. രാഹുലിനൊപ്പം നായകൻ വിരാട് കൊഹ്ലി ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. മുഹമ്മദ് സൈഫുദ്ദീന്റെ പന്തിൽ ക്ലീൻ ബൗൾഡായി നന്നായി കളിച്ചുവരികയായിരുന്ന കൊഹ്ലി വീണതോടെ കൂട്ടുകെട്ട് തകർന്നു. 46 പന്ത് നേരിട്ട് 5 ഫോറുൾപ്പെടെ കൊഹ്ലി 47 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന വിജയ് ശങ്കറാണ് പകരമെത്തിയത്. എന്നാൽ മോശം ഫോം തുടരുന്ന ശങ്കറിന് അധിക നേരം ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. ശങ്കറിനെ (2) റൂബൻ ഹൂസൈന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ മുഷ്ഫിക്കുർ റഹിം പിടികൂടി.
ഇതോടെ ഇന്ത്യ 102/4 എന്ന നിലയിൽ ന്യൂസിലൻഡിനെതിരെ സംഭവിച്ചപോലെ മറ്റൊരു തകർച്ച മുന്നിൽക്കണ്ടു. എന്നാൽ പിന്നീടെത്തിയ പരിചയ സമ്പന്നനായ ധോണി രാഹുലിനൊപ്പം ഇന്ത്യയെ തകർച്ചയിൽ നിന്ന് പിടിച്ച് കയറ്റുകയായിരുന്നു. ബംഗ്ലാ ബൗളർമാരെ സമർത്ഥമായി നേരിട്ട ഇരുവരും 164 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുപത്തിരണ്ട് ഓവറോളം ഇരുവരും ക്രീസിൽ പിടിച്ചു നിന്നു. 99 പന്തിൽ 108 റൺസ് നേടിയ രാഹുലിനെ ക്ലീൻബൗൾഡാക്കി സബ്ബിർ റഹ്മാനാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 ഫോറും 4 സിക്സും രാഹുലിന്റെ ബാറ്രിൽ നിന്ന് പിറന്നു.11 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 21 റൺസെടുത്ത ഹാർദ്ദിക് പാണ്ഡ്യയെ ഷാക്കിബ് അൽഹസൻ സാബ്ബിർ റഹ്മാന്റെ കൈയിൽ എത്തിച്ചു. വെടിക്കെട്ട് ബാറ്രിംഗിന്റെ കെട്ടഴിച്ച ധോണിയെ അവസാന ഓവറിൽ ഷാക്കിബ് ക്ലീൻബൗൾഡാക്കുകയായിരുന്നു. വെറും 78 പന്തിൽ നിന്നാണ് ധോണി 113 റൺസ് അടിച്ചെടുത്തത്. 8 ഫോറും 7 സിക്സും ധോണിയുടെ ബാറ്രിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. കാർത്തിക് (7), ജഡേജ (11) എന്നിവർ പുറത്താകാതെ നിന്നു.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ലിറ്രൺ ദാസും (73), സൗമ്യ സർക്കാറും (25) നല്ല തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാംവിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. സൗമ്യ സർക്കാരിനെയും (25) ഷാക്കിബ് അൽ ഹസനെയും (0) 10മത്തെ ഓവറിൽ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ജസ്പ്രീത് ബുംറഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു. പന്നീട് കുൽദീപും ചഹാലും ബംഗ്ലാബാറ്റിംഗ് നിരയെ ചുഴറ്റിവീഴ്ത്തുകയായിരുന്നു. 90 റൺസെടുത്ത മുഷ്ഫിക്കുർ റഹിം ആണ് അവരുടെ ടോപ് സ്കോറർ.
5-ാം വിക്കറ്റിൽ ധോണിയും രാഹുലും 164 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി
ധോണി 113 (78 പന്ത്)
8ഫോർ, 7 സിക്സ്
രാഹുൽ 108 (99 പന്ത്)
12 ഫോർ 4 സിക്സ്
തലവേദനയായ നാലാം നമ്പറിൽ ഇറങ്ങി രാഹുൽ നേടിയ സെഞ്ച്വറി ഇന്ത്യൻ ക്യാമ്പിന് നൽകുന്ന ആശ്വാസം ചെറുതല്ല. മുൻനിര തകർന്ന ശേഷം സമചിത്തതയോടെ കളിച്ച രാഹുലിന്റെ ഇന്നിംഗ്സ് ലോകകപ്പിലും അദ്ദേഹത്തെ നാലാം നമ്പറിൽ പരിഗണിക്കുന്നതിന് പ്രധാന കാരണമാകും
സ്പിന്നർമാരായ ചഹാലും കുൽദീപും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയതും ശുഭ സൂചന
ഒമ്പത് ബാറ്റ്സ്മാൻമാർ ഇന്നലെ ഇന്ത്യയ്ക്കായി ബാറ്രിംഗിനിറങ്ങി.