ന്യൂഡൽഹി: ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ വനിതാ എം.പിമാർ ജീൻസ് ധരിച്ച് പാർലമെന്റിലെത്തിയ സംഭവം വിവാദമാകുന്നു. തിരഞ്ഞെടുക്കപ്പെട്ട ബംഗാളിലെ 22 തൃണമൂൽ എം.പിമാരിൽ പെട്ട നുസ്രത് ജഹാനും മിമി ചക്രബർത്തിയുമാണ് പാർലമെന്റിലെ തങ്ങളുടെ വസ്ത്രധാരണം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നത്. പാന്റും ഷർട്ടും ധരിച്ചാണ് ഇരുവരും 17ാം ലോക്സഭയിലേക്ക് എത്തുന്നത്. ഇരുവരും ബംഗാളിലെ അറിയപ്പെടുന്ന സീരിയൽ നടിമാരുമാണ്.
വെള്ള ഷർട്ടും നീല ജീൻസും ധരിച്ചാണ് മിമി ചക്രബർത്തി എത്തിയത്. നുസ്രത് ജഹാൻ ആകട്ടെ മറൂൺ നിറമുള്ള പാന്റും ടോപ്പുമാണ് ധരിച്ചത്. വിജയചിഹ്നവുമായി പാർലമെന്റിന് മുന്നിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത മിമി ചക്രബർത്തി എം.പി ആകാൻ യോഗ്യ അല്ലെന്ന് പലരും വിമർശിച്ചു. തങ്ങളുടെ 'എം.പി' ഐ.ഡി. കാർഡുകൾ കാണിച്ചുകൊണ്ടുള്ള ഫോട്ടോകളും ഇരുവരും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'പാർലമെന്റെന്ന് വെച്ചാൽ ഫോട്ടോ സ്റ്റുഡിയോ അല്ലെ'ന്നും അത് 'സിനിമാ സെറ്റാണെന്ന് വിചാരിക്കരുതെ'ന്നും ഇരുവരെയും സോഷ്യൽ മീഡിയ യൂസേഴ്സ് ഓർമ്മിപ്പിക്കുന്നുണ്ട്. സാധാരണ വനിതാ എം.പിമാർ സൽവാർ കമ്മീസോ സാരിയോ ധരിച്ചാണ് ലോക്സഭയിലേക്ക് എത്താറ്. എന്നാൽ, ഇഷ്ടവസ്ത്രം ധരിച്ചെത്തിയ വനിതാ എം.പിമാരെ അഭിനന്ദിച്ചും ചിലർ രംഗത്തെത്തി.
വനിതാ എം.പിമാരുടെ ടിക് ടോക്ക് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ട് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇങ്ങനെയുള്ള 'കാണാൻ കൊള്ളാവുന്ന' എം.പിമാർ പാർലമെന്റിൽ എത്തുന്നത് തീർച്ചയായും നല്ലതാണെന്നായിരുന്നു ആർ.ജി.വിയുടെ കമന്റ്.