ബ്രിസ്റ്രോൾ: ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ കൂറ്റൻ സ്കോർ നേടിയ വെസ്റ്രിൻഡീസിന് 91 റൺസിന്റെ ജയം. ആദ്യം ബാറ്ര് ചെയ്ത വിൻഡീസ് 49.2 ഓവറിൽ 421 റൺസെടുത്താണ് ആൾഔട്ടായത്. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് പൊരുതി നോക്കിയെങ്കിലും 47.2 ഓവറിൽ 330 റൺസിന് ആൾഔട്ടായി.
ഇന്ത്യയ്ക്കെതിരെ തകർപ്പൻ ബൗളിംഗ് പ്രകടനം പുറത്തെടുത്ത കിവി ബൗളർമാരെ അടിച്ച് തകർത്തുകളഞ്ഞ പ്രകടനമാണ് വിൻഡീസ് ബാറ്റ്‌സ്മാൻമാർ പുറത്തെടുത്തത്. സെഞ്ച്വറി നേടിയ ഷായ് ഹോപ്പാണ് (101) വിൻഡീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 86 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ഹോപ്പിന്റെ ഇന്നിംഗ്സ്. ഐ.പി.എൽ സെൻസേഷൻ ആന്ദ്രേ റസ്സൽ 25 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പെടെ 54 റൺസെടുത്തു. ക്യാപ്ടൻ ജാസൻ ഹോൾഡർ 32 പന്തിൽ 3 വീതം സിക്സും ഫോറും വീതം 47 റൺസെടുത്തു.
ഇവിൻ ലൂയിസ് 6 ഫോറും 1 സിക്സും ഉൾപ്പെടെ 54 പന്തിൽ 50 റൺസ് നേടി. ട്രെന്റ് ബൗൾട്ട് ഇന്നലെയും ന്യൂസിലൻഡിനായി 4 വിക്കറ്റ് വീഴ്ത്തി.
ന്യൂസിലൻഡിനായി വിക്കറ്റ് കീപ്പർ ടോം ബ്ലൻഡൽ (106, 8ഫോർ, 5സിക്സ് ) സെഞ്ച്വറി നേടി. ക്യാപ്ടൻ വില്യംസൺ 64 പന്തിൽ 85 റൺസെടുത്തു. ഇഷ് സോധി 16 പന്തിൽ 39 റൺസ് നേടി.