ലക്‌നൗ: ഉത്തർ പ്രദേശിലെ ബാരബങ്കി ജില്ലയിൽ വ്യാജമദ്യം കഴിച്ച് 14 മരണം. നാൽപതോളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. സംഭവത്തെക്കുറിച്ച് ഉത്തർ പ്രദേശ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
രാം നഗറിലെ ഒരു ഷോപ്പിൽ നിന്നും വാങ്ങിയ മദ്യം കഴിച്ചവർക്കാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് ബാരാബങ്കിയിൽ ദുരന്തം സംഭവിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 10 എക്‌സൈസ് ഉദ്യോഗസ്ഥരേയും നാല് പൊലീസുകാരെയും ഉത്തർ പ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഒന്നിച്ച് മരണം സംഭവിച്ചിട്ടുമുണ്ട്.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെകുറിച്ച് രണ്ടു മണിക്കൂറിനകം റിപ്പോർട്ട് കൈമാറാനും യോഗി ആദിത്യനാഥ് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.