മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ "ലൂസിഫറി'നെ സ്വീകരിച്ചത് പോലെ താൻ നായകനാകുന്ന "പി.എം നരേന്ദ്ര മോദി'യേയും സ്വീകരിക്കണമെന്ന് മലയാളികളോട് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയി അഭ്യർത്ഥിച്ചു. ചിത്രത്തിന്റെ പ്രമോഷനുമായി ദുബായിൽ എത്തിയതായിരുന്നു താരം. സംവിധായകൻ ഒമുങ് കുമാറും വിവേകിനൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
'കൊച്ചിയിൽ ഹൗസ്‌ഫുള്ളായി 'മോദി' പ്രദർശനം തുടരുകയാണ് എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ അടുത്തറിയാൻ ഈ ചിത്രം സഹായിക്കും. രാഷ്ട്രീയമോ ആശയങ്ങളോ മാറ്റിവെച്ച് ഒരു സാധാരണ സിനിമ എന്ന രീതിയിൽ വേണംഈ ചിത്രം കാണാൻ. കേരളീയർക്ക് അത് തീർച്ചയായും സാധിക്കും. 'ലൂസിഫറി'ലെ എന്റെ കഥാപാത്രത്തെ അവർ ഏറെ ഇഷ്ടപെടുന്നു. ഈ ചിത്രവും അവർ സ്വീകരിക്കും.' ഒബ്‌റോയി ആത്മവിശ്വാസത്തോടെ പറഞ്ഞു.
മലയാളത്തിൽ സൂപ്പർ ഹിറ്റായ മോഹൻലാൽ ചിത്രം "ലൂസിഫറി"ൽ വില്ലനായ "ബോബി"യുടെ വേഷമാണ് വിവേക് ഒബ്‌റോയി കൈകാര്യം ചെയ്തത്. നടൻ വിനീതാണ് 'ബോബി'ക്ക് ശബ്ദം നൽകിയത്. ചിത്രത്തിലെ വിവേകിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.