ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിലേറ്റ കനത്ത പരാജയത്തെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.ശ്രീധരൻ പിള്ളയെ പദവിയിൽ നിന്നും മാറ്റണമെന്ന് ബി.ജെ.പി കേരള ഘടകം. ആലപ്പുഴയിൽ ചേർന്ന ബി.ജെ.പി നേതൃയോഗത്തിലാണ് നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയുള്ള വൈ. സത്യകുമാറാണ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ പ്രധാനമായും വിമർശനം ഉന്നയിച്ചത്.
അനുകൂല സാഹചര്യം ഉണ്ടായിരുന്നിട്ടും ജയിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന ഘടകത്തിന്റെ വീഴ്ചയായി സത്യകുമാർ വിലയിരുത്തി. ഇ പരാമർശത്തെ തുടർന്ന് പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ എന്നിവർ ശ്രീധരൻ പിള്ളയ്‌ക്കെതിരെ രംഗത്തെത്തി.
ശബരിമല പ്രധാന പ്രചാരണ വിഷയമാക്കിയിട്ടും എസ്.എൻ.ഡി.പി, എൻ.എസ്.എസ് വോട്ടുകൾ ബി.ജെ.പിയിലേക്ക് എത്തിയിരുന്നില്ല എന്നാണ് ഇരുവരുടെയും നിഗമനം. മാത്രമല്ല ശ്രീധരൻപിള്ള തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പരാമർശങ്ങളിൽ പലതും ജയത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇവർ പറഞ്ഞു.
എന്നാൽ യോഗത്തിൽ ശ്രീധരൻപിള്ളയെ അനുകൂലിച്ചാണ് മുതിർന്ന നേതാവ് എം.ടി. രമേശ് സംസാരിച്ചത്. സംസ്ഥാന അദ്ധ്യക്ഷനെ മാറ്റേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നോക്കിയല്ല പാർട്ടി അദ്ധ്യക്ഷനെ തീരുമാനിക്കുന്നതെന്നുമാണ് രമേശ് പറഞ്ഞത്.
യോഗത്തിന്റെ തുടക്കത്തിൽ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, മികച്ച പ്രകടനം തന്നെയാണ് ബി.ജെ.പി. കേരളത്തിൽ കാഴ്ച വച്ചതെന്നും, പലരും തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞ് അഭിനന്ദിച്ചുവെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.