thiruvallam-police

തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ സാധാരണക്കാരന് കടന്നു ചെല്ലാൻ പറ്റാത്ത സ്ഥിതി. മദ്യപിച്ച് വാഹനമോടിച്ചാൽ പിടിക്കപ്പെടുന്ന വി.ഐ.പികൾക്ക് ക്ലീൻ ചിറ്റ്. പ്രഭാതസവാരിക്കിടെ വനിതാ ഐ.പി.എസ് ഓഫീസറുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ 48 മണിക്കൂറിനുള്ളിൽ അകത്താക്കിയ പൊലീസ്, രണ്ട് തമിഴ്നാട് സ്വദേശികളെ തടഞ്ഞുനിറുത്തി മാല പൊട്ടിച്ച സ്ത്രീകളടങ്ങുന്ന സംഘത്തെ തൊട്ടിട്ടില്ല. പ്രതികളുടെ വിലാസവും വാഹന നമ്പരും അറിഞ്ഞിട്ടു പോലും ഇവരെ പിടിക്കാൻ തിരുവല്ലം പൊലീസ് തയ്യാറാകുന്നില്ല.

തിരുവല്ലം സ്റ്റേഷൻ പരിധിയിൽ അക്രമവും മോഷണവും പെരുകിയിട്ടും പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായാണ് ആക്ഷേപം. സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകാറില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു പ്രതി ക്രൂര മർദ്ദനം സഹിക്കാനാകാതെ സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയത്. പിന്നാലെ എത്തിയ പൊലീസ് പ്രതിയെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽ വച്ച് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതു കണ്ട് സഹിക്കാതെ തടയാനെത്തിയ ഭാര്യയെ കാൽമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചു. സംഭവം പൊലീസ് രഹസ്യമായി വയ്ക്കുകയായിരുന്നെങ്കിലും കണ്ടു നിന്ന നാട്ടുകാർ മൊബൈലിൽ ഇത് പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. തിരുവല്ലം പൊലീസിനെ കുറിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയരുകയാണ്.

ലഹരി വസ്തുക്കൾ ഉൾപ്പെടെയുള്ളവ പിടികൂടിയാൽ കേസ് ഒതുക്കി തീർക്കാനാണ് ഇവർക്ക് താത്പര്യം. മാസങ്ങൾക്ക് മുൻപ് കോവളത്തെ ഒരു സ്വകാര്യ ഹോട്ടലിലെ കാറിൽ മദ്യലഹരിയിൽ എത്തിയവർ കേരളകൗമുദിയിലെ സർക്കുലേഷൻ വിഭാഗത്തിലെ രണ്ടു യുവാക്കളെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. എന്നാൽ ഫോർട്ട് എ.സിയുടെ നിർദ്ദേശപ്രകാരം മദ്യലഹരിയിൽ അപകടമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കാതെ വാഹനം വിട്ടുകൊടുത്തതായും ആരോപണമുണ്ട്. ഗുരുതര പരിക്കേറ്റ യുവാക്കളുടെ പരാതിയിന്മേൽ കേസെടുത്തിട്ടുമില്ല. സാധാരണക്കാരന് നീതി നിഷേധിക്കുന്ന നിലപാടാണ് തിരുവല്ലം പൊലീസിന്റെ ഭാഗത്തു നിന്നുള്ളത്. വാഹന പരിശോധനയുടെ പേരിൽ യാത്രക്കാരെ സ്ഥിരം ബുദ്ധിമുട്ടിക്കുന്നതായും ആക്ഷേപമുണ്ട്.