abdullakutty

ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേടിയ മിന്നും ജയത്തിന്റെ നേട്ടം ആഘോഷിക്കുന്ന കോൺഗ്രസിന് ഇടിത്തീയായിരിക്കുകയാണ് മുൻ എം.പിയും കണ്ണൂരിലെ നേതാവുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ നിലപാടുകൾ. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വൻ വിജയം നേടി അധികാരത്തുടർച്ച ഉറപ്പാക്കിയതിന് പിന്നിൽ നരേന്ദ്ര മോദി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണെന്നും, വരും കാല രാഷ്ട്രീയം ഇത്തരത്തിൽ വികസനത്തിലൂന്നിയുള്ളതാവണമെന്നുമാണ് എ.പി.അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം ഇതിനെതിരെ രംഗത്തുവന്നിട്ടും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അബ്ദുള്ളക്കുട്ടി. കോൺഗ്രസിനെ വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറാനാണ് മുൻ സി.പി.എം പ്രവർത്തകനായ അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്ന് ഇതിനകം അഭ്യൂഹങ്ങളുയർന്നിട്ടുണ്ട്. മഞ്ചേശ്വരത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി അബ്ദുള്ളക്കുട്ടി മത്സരിക്കുമെന്നും ഇതിനൊപ്പം ചേർത്ത് വായിക്കുന്നവരുമുണ്ട്. രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ നിലപാടിനെ വിലയിരുത്തുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ വികസന നയത്തിൽ പ്രകീർത്തിച്ചതിനാണ് 2009 ജനുവരിയിൽ അബ്ദുള്ളക്കുട്ടിയെ സി.പി.ഐ(എം) സസ്‌പെൻഡ് ചെയ്തത്. ഇതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്ന അദ്ദേഹം പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം കോൺഗ്രസുമായി അത്ര അടുപ്പത്തിലല്ലെന്നും അതിനാൽ ബി.ജെ.പിയെയും മോദിയേയും പ്രകീർത്തിച്ചതോടെ അടുത്ത ചാട്ടം എങ്ങോട്ടാണെന്ന് വ്യക്തമാണെന്നും കുറിക്കുന്നു. നിങ്ങളെന്നെ കോൺഗ്രസാക്കിയെന്ന അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാം ഭാഗം 'നിങ്ങളെന്നെ ബിജെപിയാക്കി'എന്ന പേരിൽ ഇറങ്ങുമെന്നും അഡ്വ. എ ജയശങ്കർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുല്ലക്കുട്ടിക്ക്. പനിനീർപ്പൂ പോലെ പരിശുദ്ധൻ, മാടപ്രാവിനെ പോലെ നിഷ്‌കളങ്കൻ. മനസ്സിൽ ഒന്നുവെച്ച് പുറത്തു മറ്റൊന്ന് പറയുന്ന സ്വഭാവമില്ല. അതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീർത്തിച്ചതിനാണ് 2009 ജനുവരിയിൽ അബ്ദുല്ലക്കുട്ടിയെ സിപിഐ(എം) സസ്‌പെൻഡ് ചെയ്തതും പിന്നീട് പുറത്താക്കിയതും. പിന്നീട് അദ്ദേഹം കെ സുധാകരന്റെ ശിഷ്യത്വം സ്വീകരിച്ച് കോൺഗ്രസിൽ ചേരുകയും 'നിങ്ങളെന്നെ കോൺഗ്രസാക്കി' ആത്മകഥ എഴുതുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അബ്ദുല്ലക്കുട്ടിയും അഹിംസാ പാർട്ടിയും അത്ര സുഖത്തിലല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റിനു വേണ്ടി ശ്രമിച്ചു, ഫലമുണ്ടായില്ല.

നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളെ പ്രകീർത്തിച്ചും ബിജെപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചും കൊണ്ട് അത്ഭുതക്കുട്ടി വീണ്ടും വാർത്തകൾ സൃഷ്ടിക്കുകയാണ്. അടുത്ത ചാട്ടം എങ്ങോട്ടെന്ന് വ്യക്തം.

അബ്ദുല്ലക്കുട്ടി സാഹിബ്ബിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുക: 'നിങ്ങളെന്നെ ബിജെപിയാക്കി'.