kevin

കോട്ടയം: കെവിൻ കേസിൽ അച്ചടക്ക നടപടിയെ തുടർന്ന് ഒരു വർഷമായി സസ്‌പെൻഷനിലായിരുന്ന എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം രംഗത്ത്.

കെവിൻ കൊല്ലപ്പെടാൻ പ്രധാന കാരണം ഗാന്ധിനഗർ എസ്.ഐയായ അനാസ്ഥയാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.


കേസിൽ പ്രഥമ ദൃഷ്ട്യാ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഷിബുവിനെതിരെ ഐ.ജി പിരിച്ചു വിടൽ നോട്ടീസ് നൽകിയിരുന്നു. കോട്ടയം അഡ‌്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പിയായിരുന്ന വിനോദ്പിള്ളയുടെ അന്വേഷണ റിപ്പോ‌ർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസിന് ഷിബു നൽകിയ വിശദീകരണം തൃപ്‌തികരമാണെന്ന് ഐ.ജി വിജയ് സാഖറെ വിലയിരുത്തി. തുടർന്നാണ് പിരിച്ചു വിടാനുള്ള നീക്കം പിൻവലിച്ചിരിക്കുന്നത്.

കെവിന്റെ ഒന്നാം ഓർമദിവസത്തിലാണ് കേസിൽ ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുത്തുക്കൊണ്ട് ഐ.ജി വിജയ് സാഖറെ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് കെവിൻ വധക്കേസ്. കേസിന്റെ വിചാരണം ഇപ്പോഴും തുടരുകയാണ്.