joseph

തിരുവനന്തപുരം: പാർട്ടിയിൽ പുതിയ നിയമനം നടത്തിയെന്ന് കാണിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. പി.ജെ. ജോസഫിനെ ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയുമായി നിയമിച്ചു എന്നാണ് കത്തിൽ പറയുന്നത്. സി.എഫ്. തോമസും മോൻസ് ജോസഫും അടക്കം മൂന്ന് എം.എൽ.എമാർ തങ്ങൾക്കൊപ്പമാണെന്നും ജോസഫ് വിഭാഗം കത്തിൽ പറയുന്നുണ്ട്.

ജോസ് കെ. മാണിയും കൂട്ടരും അറിയാതെയാണ് ജോസഫ് വിഭാഗത്തിന്റെ ഈ നീക്കം.ഇതോടെ മാണി വിഭാഗം പാർട്ടി പിളർത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കൂ.

കേരളം കോൺഗ്രസിൽ പദവികളെ ചൊല്ലിയുള്ള തർക്കം മുറുകുകയാണ്. ഇത് പാർട്ടിയുടെ പിളർപ്പിലേക്ക് നയിച്ചേക്കാം എന്നും സൂചനയുണ്ട്. പി.ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കിൽ സ്വയം സംസ്ഥാന കമ്മിറ്റി വിളിക്കാൻ മാണി വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ സംസ്ഥാന കമ്മിറ്റി ഒഴിവാക്കി, ഉന്നതാധികാര സമിതി, പാർലമെന്ററി സമിതി എന്നിവ വിളിച്ച് ചേർക്കാൻ ജോസഫ് വിഭാഗവും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

പാർട്ടിയിലെ പദവികൾ ഒരു വിധേനയും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ജോസഫ്, മാണി വിഭാഗങ്ങൾ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. എന്നാൽ ഇരുകൂട്ടരെയും അനുനയിപ്പിക്കാനും ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്.