കോട്ടയം: കെവിൻ കേസിൽ അച്ചടക്ക നടപടിയെ തുടർന്ന് ഒരു വർഷത്തെ സസ്‌പെൻഷന് ശേഷം തിരിച്ചെടുത്ത ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബുവിനെതിരെ വകുപ്പുതല നടപടി. ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്.ഐയായി തരംതാഴ്ത്തിയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. നിലവിൽ ഗാന്ധിനഗർ എസ്.ഐയായിരുന്നു ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സസ്പെൻഷന് ശേഷം ഷിബുവിനെ തിരിച്ചെടുത്ത നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടി സ്വീകരിച്ച് ഐ.ജി വിജയ് സാഖറെയുടെ ഉത്തരവ് പുറത്തുവന്നത്.
അതേസമയം, എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനിടെ കെവിൻ കൊല്ലപ്പെടാൻ പ്രധാന കാരണക്കാരനായ ഗാന്ധിനഗർ എസ്.ഐയെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞിരുന്നു.
കേസിൽ പ്രഥമ ദൃഷ്ട്യാ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഷിബുവിനെതിരെ ഐ.ജി പിരിച്ചു വിടൽ നോട്ടീസ് നൽകിയിരുന്നു. കോട്ടയം അഡ‌്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പിയായിരുന്ന വിനോദ്പിള്ളയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസിന് ഷിബു നൽകിയ വിശദീകരണം തൃപ്‌തികരമാണെന്ന് ഐ.ജി വിജയ് സാഖറെ വിലയിരുത്തി. തുടർന്നാണ് പിരിച്ചു വിടാനുള്ള നീക്കം പിൻവലിച്ചത്.