kummanam-

തിരുവനന്തപുരം : എം.എൽ.എമാർ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെ തുടർന്ന് അവർ രാജിവയ്‌ച്ചൊഴിയുന്ന നിയമസഭ മണ്ഡലങ്ങളിൽ അടുത്ത ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വട്ടിയൂർക്കാവിൽ അനിശ്ചിതത്വം തുടരുന്നു. സിറ്റിംഗ് എം.ൽ.എയായിരുന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വടകര മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരുന്നത്. എന്നാൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരന്റെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച അന്നത്തെ എതിർ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കോടതിയിൽ നൽകിയ ഹർജിയാണ് വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിനെ അനിശ്ചിതത്വത്തിലാക്കുന്നത്.

കേരള ഹൈക്കോടതിയേയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസുമായി കുമ്മനം സമീപിച്ചത്. എന്നാൽ ഈ കേസിൽ സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.മുരളീധരൻ സുപ്രീം കോടതിയെ സമീപിക്കുകയും സ്റ്റേ വിധി സമ്പാദിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച അനുമോദനചടങ്ങിൽ സംബന്ധിക്കവേയാണ് കെ. മുരളീധരൻ വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിന് കുമ്മനം വിചാരിക്കണമെന്ന് അഭിപ്രായപ്പെട്ടത്. അതേ സമയം കുമ്മനം ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിക്കുകയാണെങ്കിൽ സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കാൻ താനും തയ്യാറാണെന്ന് കെ.മുരളീധരൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം സിറ്റിംഗ് എം.എൽ.എ മരിച്ചതിനെതുടർന്ന ഒഴിവുണ്ടായ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാൽ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ കേസ് നിലനിന്നതിനാലായിരുന്നു ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാതിരുന്നത്. ഇതേ അവസ്ഥയിലാണ് ഇപ്പോൾ വട്ടിയൂർക്കാവ് മണ്ഡലവും.